oil

കോട്ടയം: വെന്ത വെളിച്ചെണ്ണയ്ക്ക് വിപണിയിൽ പ്രിയമേറുന്നുവെങ്കിലും കയറ്റുമതി നിയന്ത്രണം മൂലം കർഷകർക്ക് പ്രയോജനം ലഭിക്കുന്നില്ല. കൊവിഡിന്റെ വരവിനെത്തുടർന്നാണ് വെന്ത വെളിച്ചെണ്ണയുടെ പ്രാധാന്യം ലോകം ശ്രദ്ധിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ ഇപ്പോൾ ഈ എണ്ണയ്ക്ക് ആവശ്യക്കാരേറുകയാണ്. എന്നും ഒരു സ്പൂൺ വീതം വെന്ത വെളിച്ചെണ്ണ കഴിച്ചാൽ പ്രതിരോധ ശേഷി വർദ്ധിക്കുമെന്നും വാക്‌സിൻ എടുത്ത കുട്ടികൾക്ക് ദൂഷ്യഫലങ്ങൾ ഒഴിവാകുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. മാത്രമല്ല മുടി വളരാനും നല്ലതാണ്.

ഇരുപതിനായിരം ടൺ വരെയേ എണ്ണ കയറ്റി അയയ്ക്കാൻ അനുമതിയുള്ളൂ. അഞ്ച് കിലോയുടെ പായ്ക്കററിന് മുകളിലാവാനും പാടില്ല. രാജ്യത്ത് എണ്ണ ഉത്പന്നങ്ങളുടെ ലഭ്യത കുറയുമെന്നതിനാലാണ് കേന്ദ്ര സർക്കാർ ഈ നിയന്ത്രണം വച്ചത്. നിയന്ത്രണത്തിൽ ഇളവുവന്നാൽ അത് വെന്ത വെളിച്ചെണ്ണ കയറ്റുമതിക്ക് ഉപകരിക്കും. കേരളത്തിലെ തെങ്ങ് കർഷക മേഖലയ്ക്ക് തന്നെ ഒരു പുത്തൻ ഉണർവ്വേകും. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ എണ്ണക്കുരു വിഭാഗത്തിലുള്ളവയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ കയറ്റുമതി നിയന്ത്രണങ്ങൾ മാറ്റാതെ പ്രയോജനമില്ല. തകർച്ചയുടെ വക്കിൽ നിൽക്കുന്ന നാളികേര മേഖലയ്ക്ക് ഉണർവേകാൻ വെളിച്ചെണ്ണ കയറ്റുമതിക്കു സാധിക്കും. കേരളമൊഴിച്ച് മറ്റ് സംസ്ഥാനങ്ങളിലൊന്നും നാളികേരത്തെ ഭക്ഷ്യ എണ്ണയായിട്ട് പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ വെന്ത വെളിച്ചെണ്ണ കയറ്റുമതിക്കും ഉത്പാദനത്തിനും ചെറുകിട കർഷക കൂട്ടായ്മകൾക്ക് കൂടുതൽ പ്രോത്സാഹനം കൊടുത്താൽ സംസ്ഥാനത്തിന്റെ സാമ്പത്തീക മേഖലയ്ക്ക് തന്നെ അത് കുതിപ്പേകും.

 നല്ല തേങ്ങ കേരളത്തിൽ

വെന്ത വെളിച്ചെണ്ണയുണ്ടാക്കാൻ പച്ച തേങ്ങ ചിരണ്ടി പാല് പിഴിഞ്ഞെടുത്ത് ഉരുളിയിലിട്ട് നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുകയാണ് ചെയ്യുന്നത് . തമിഴ്‌നാട്ടിലെ തേങ്ങയേക്കാളും കാമ്പ് കൂടുതലുള്ളതിനാൽ ഇതിന് ഏറ്റവും അനുയോജ്യമായ തേങ്ങ ലഭിക്കുന്നത് കേരളത്തിലാണ്. ഇന്നാൽ ഇവിടത്തെ പച്ചതേങ്ങ സംഭരണം ശരിയായ രീതിയിൽ നടപ്പാക്കുന്നില്ല, കൃത്യമായ രീതിയിൽ തേങ്ങ സംഭരിക്കുകയാണെങ്കിൽ കേര മേഖലയുടെ ക്ഷീണം മുഴുവൻ വെന്ത വെളിച്ചെണ്ണ കയറ്റുമതിയിലൂടെ മാറ്റാവുന്നതേയുള്ളു. ആയൂർവേദ ഔഷധങ്ങളും, ഹെയർ ഓയിലുകളിലും നിർമ്മിക്കാൻ ഉപയോഗിക്കുന്നത് വെന്ത വെളിച്ചെണ്ണയാണ്. ജില്ലയിൽ പ്രധാനമായും വൈക്കത്തും കടുത്തുരുത്തിയിലുമാണ് വിൽപ്പനയുള്ളത്.