
കോട്ടയം : കൂട്ടിക്കൽ പ്രളയദുരന്ത ബാധിതർക്ക് വീട് നിർമ്മിക്കാൻ ഭവനനിർമ്മാണ സാമഗ്രികൾ 15 ശതമാനം വിലക്കിഴിവിൽ ലഭ്യമാക്കുമെന്ന് മന്ത്രി അഡ്വ.കെ.രാജൻ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 16 നുണ്ടായ പ്രളയത്തിൽ പൂഞ്ഞാർ, കാഞ്ഞിരപ്പളി നിയോജക മണ്ഡലങ്ങളിൽ പൂർണമായി വീട് നഷ്ടപ്പെട്ടവർക്കുള്ള ധനസഹായ വിതരണോദ്ഘാടനം കൂട്ടിക്കലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരള സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ കലവറ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നഷ്ടപ്പെട്ടവർക്ക് ഭവനനിർമാണ സാമഗ്രികൾ ലഭ്യമാക്കുക. കേരളത്തിൽ ആദ്യമായി ദുരിതാശ്വാസധന സഹായം ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കാൻ സാധിച്ചത് കൂട്ടിക്കലിലാണ്. ദുരന്തം സംഭവിച്ച് മൂന്നു മാസത്തിനുള്ളിൽ ദുരിതാശ്വാസ ധനസഹായം വിതരണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതർക്ക് ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ ബാങ്കിലേക്ക് ദുരിതാശ്വാസധനസഹായം എത്തിക്കാൻ സർക്കാരിനായതായി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ആന്റോ ആന്റണി എം.പി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, ഈരാറ്റുപേട്ട നഗരസഭാദ്ധ്യക്ഷ സുഹറ അബ്ദുൾ ഖാദർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ആർ.അനുപമ, ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി താലൂക്കിൽ പൂർണമായും വീട് നഷ്ടപ്പെട്ട 47 പേർക്കുള്ള ധനസഹായമാണ് വിതരണം ചെയ്തത്.
ദുരന്തനിവാരണ സാക്ഷരത യജ്ഞം
അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ദുരന്തനിവാരണ സാക്ഷരതാ യജ്ഞത്തിന് തുടക്കം കുറിക്കും. വിവിധ സർക്കാർ വകുപ്പുകളെയും സംഘടനകളെയും പൊതുജനങ്ങളെയും യജ്ഞത്തിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.
12.58 കോടി അനുവദിച്ചു
ജില്ലയിൽ പൂർണമായി വീട് നഷ്ടപ്പെട്ട 60 പേർക്ക് 2.40 കോടിയും ഭാഗികമായി വീടു നഷ്ടപ്പെട്ട 2199 പേർക്ക് 10.18 കോടിയും അനുവദിച്ചു. പൂർണമായി വീട് നഷ്ടപ്പെട്ട 199 പേരിൽ 60 പേർക്ക് സർക്കാർ നാലു ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഇതിൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നുള്ള വിഹിതമായ 57.06 ലക്ഷം രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. ഭാഗികമായി വീട് നഷ്ടപ്പെട്ട 2278 പേരിൽ 2199 പേർക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നുള്ള വിഹിതമായ 4.23 കോടി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു.