മുണ്ടക്കയം : കൊല്ലം-തേനി ദേശീയപാതയിൽ മുണ്ടക്കയത്തിനും, കാഞ്ഞിരപ്പള്ളിയ്ക്കുമിടിയിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ ചെറുതും വലുതുമായ ഇരുപതോളം അപകടങ്ങളാണ് നടന്നത്. രണ്ടുപേർ മരിച്ചു. 16 പേർക്ക് സാരമായി പരിക്കേറ്റു. അമിത വേഗതയാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. ചോറ്റി നിർമ്മലാരം ജംഗ്ഷന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് മുക്കുളം സ്വദേശിയായ യുവാവാണ് മരിച്ചത്. തെറ്റായ ദിശയിൽ അമിതവേഗത്തിൽ ലോറി എത്തിയതാണ് അപകട കാരണം. പൈങ്ങനായ്ക്ക് സമീപം ബൈക്കിടിച്ച് ലോട്ടറി വില്പനക്കാരന്റെ ജീവൻ പൊലിഞ്ഞു. പാതയോരത്തു കൂടി നടന്നു പോവുകയായിരുന്നു ഇദ്ദേഹത്തെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചിറ്റടി ടൗണിന് സമീപമുള്ള വളവിൽ തുടർച്ചയായ രണ്ട് അപകടങ്ങളിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിന്റെ പിൻചക്രം കയറിയിറങ്ങി വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റതും അടുത്തിടെയാണ്. ഇവർ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽപെട്ട വീട്ടമ്മയുമായി പോയ ഓട്ടോറിക്ഷ പാറത്തോടിന് സമീപം മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. കാഞ്ഞിരപ്പള്ളി, പൂതക്കുഴിക്ക് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റിരുന്നു. മുണ്ടക്കയം പൈങ്ങനായ്ക്ക് സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിൽ ബസിനു പുറകിൽ ജീപ്പിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു.

വേഗ നിയന്ത്രണ സംവിധാനമില്ല

കാഞ്ഞിരപ്പള്ളിയ്ക്കും മുണ്ടക്കയത്തിനുമിടയിൽ ഒരു ദിവസം രണ്ടും, മൂന്നും അപകടങ്ങളാണ് ഉണ്ടാകുന്നത്. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാൻ വാഹനപരിശോധന അടക്കമുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം. കൊടുവളവുകളിലെ അശ്രദ്ധമായ ഓവർടേക്കിംഗും, ബൈക്കുകളുടെ മത്സരയോട്ടവും ഇവിടെ പതിവാണെന്ന് നാട്ടുകാർ പറയുന്നു.