drone

കോട്ടയം : ജില്ലയിലെ ആദ്യ ഡിജിറ്റൽ റീസർവേ ഡ്രോൺ ഉപയോഗിച്ച് വൈക്കം നടുവില വില്ലേജിൽ 18,19 തീയതികളിൽ നടക്കും. കേന്ദ്ര സർക്കാരിന്റെ സ്വാമിത്വ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടമായി നടുവിലയിൽ തിരഞ്ഞെടുക്കപ്പെട്ട 19 പോക്കറ്റുകളിലാണ് സർവേ നടക്കുക. ഇതിന്റെ ഭാഗമായി ഭൂമിയുടെ അതിർത്തികൾ അടയാളപ്പെടുത്തുന്ന ഡീമാർക്കേഷൻ ജോലികൾ പൂർത്തിയാക്കി. വില്ലേജുകളുടെ വിസ്തീർണ്ണത്തിന്റെ 20 ശതമാനം ഭൂപ്രദേശത്താണ് സ്വാമിത്വ പദ്ധതിയിൽ ഉൾപ്പെടുത്തി ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തുന്നത്. ബാക്കിവരുന്ന 80 ശതമാനം പ്രദേശം സംസ്ഥാന സർക്കാരിന്റെ ചെലവിൽ റീബിൽഡ് കേരളം ഫണ്ട് വിനിയോഗിച്ച് കോർസ്, ആർ.ടി.കെ. ഇ.ടി.എസ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഡ്രോൺ സർവേ നടത്തി ഡിജിറ്റൽ റെക്കാഡാക്കുക. നാലരവർഷംകൊണ്ട് സർവേ പൂർത്തിയാക്കി റവന്യൂ വകുപ്പിന് റെക്കാഡുകൾ നൽകും.

ആദ്യഘട്ടത്തിൽ ഈ വില്ലേജുകളിൽ

വൈക്കം, കല്ലറ, വെള്ളൂർ, ഉദയനാപുരം, നടുവില, കുലശേഖരമംഗലം, വെച്ചൂർ, തലയാഴം, ചെമ്പ്

ഗുണങ്ങളേറെ

 ഭൂമി സംബന്ധമായ രേഖകൾക്ക് കൃത്യതയും സുതാര്യതയും

റവന്യൂ രജിസ്‌ട്രേഷൻ, സർവേ സേവനങ്ങൾ ഒരുമിച്ച് ലഭ്യമാകും

ഭൂമിസംബന്ധമായ വിവരങ്ങളുടെ നാളതീകരണം എളുപ്പത്തിൽ ലഭിക്കും

വിവിധ ഓഫീസുകളിൽ കയറി ഇറങ്ങുന്നത് ഒഴിവാകും

അപേക്ഷകൾ ഓൺലൈനായി നൽകാം, തീർപ്പാക്കാം

പോക്കുവരവ് നടപടികൾ വേഗത്തിലാകും

ഡോക്യുമെന്റേഷൻ നടപടികൾ എളുപ്പത്തിൽ

ഭൂവുടമകൾ ചെയ്യേണ്ടത്

അതിർത്തിയിലെ ഒടിവുകൾ കൃത്യമായി മനസിലാക്കാൻ കഴിയുന്നരീതിയിൽ നീളത്തിൽ ചുടുകല്ലുകളോ സിമന്റ് കല്ലുകളോ അടുക്കി വയ്ക്കണം

 ഡ്രോൺ കാമറയിൽ ഫോട്ടോ എടുക്കുന്നതിന് തടസം നിൽക്കുന്ന മരചില്ലകളും മറ്റും നീക്കം ചെയ്ത് വസ്തുവിന്റെ അതിരുകൾ തെളിക്കണം.

 ഡ്രോണിന് തിരിച്ചറിയാനാകും വിധം ചുടുകല്ല്, സിമന്റ്, കല്ല്, പെയിന്റ് ഇവ ഉപയോഗിച്ച് അതിരുകൾ അടയാളപ്പെടുത്തണം

'' ഭൂമിയുടെ അതിർത്തികൾ അടയാളപ്പെടുത്തുന്ന ഡീമാർക്കേഷൻ ജോലികൾ പൂർത്തിയാക്കി. സർവേ ഉദ്യോഗസ്ഥർ നൽകുന്ന ഫോം 1 എ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തി ഉടമകൾ സഹകരിക്കണം

ആർ.ബാബു, സർവേ ഡെപ്യൂട്ടി ഡയറക്ടർ