എരുമേലി: വന്യമൃഗശല്യം രൂക്ഷമായ ചെന്നാപ്പാറ, കുപ്പക്കയം, കൊമ്പുകുത്തി പ്രദേശങ്ങളിൽ പുലിയെ കുടുക്കാന്‍ കൂട് സ്ഥാപിക്കാനൊരുങ്ങി വനംവകുപ്പ്. വന്യമൃഗശല്യം രൂക്ഷമായിട്ടും വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികളിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് കൂട് സ്ഥാപിക്കാൻ തീരുമാനമായത്. വനംവകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പെരുവന്താനം, കോരുത്തോട് കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസ് പടിക്കൽ ധർണ നടത്തിയിരുന്നു. എരുമേലി റേഞ്ച് ഓഫീസറുമായി നടത്തിയ ചർച്ചയിൽ രണ്ടു ദിവസത്തിനുള്ളിൽ പുലിയെ കുടുക്കാനുള്ള കൂട് സ്ഥാപിക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്‌. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലെ വനാതിർത്തി പ്രദേശങ്ങളിൽ വന്യജീവി ആക്രമണം രൂക്ഷമായിരുന്നു. ചെന്നാപ്പാറ, കുപ്പക്കയം, കൊമ്പുകുത്തി പ്രദേശങ്ങളിൽ പുലിയുടെയും മറ്റ് വന്യമൃഗങ്ങളുടെയും സാന്നിധ്യം പതിവായി. ഇതോടെ നാട്ടുകാർക്ക് വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. വളർത്തുമൃഗങ്ങളെയും പുലിയുടെ ആക്രമണത്തിൽ നഷ്ടമായി. പുലിയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി ചെന്നാപ്പാറയിലും, കുപ്പക്കയത്തും കാമറ സ്ഥാപിച്ചിരുന്നു. ഇതുവരെയും പുലിയുടെ ചിത്രം കാമറയിൽ പതിഞ്ഞിട്ടില്ല.

കോൺഗ്രസ് പ്രതിഷേധം

വന്യമൃഗശല്യം രൂക്ഷമായിട്ടും വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ. സലീം ഉദ്ഘാടനം ചെയ്തു. പെരുവന്താനം മണ്ഡലം പ്രസിഡന്റ് ഷാജി പുല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. മുണ്ടക്കയം ബ്ലോക്ക് പ്രസിഡന്റ് റോയ് കപ്പലുമാക്കൽ, എരുമേലി മണ്ഡലം പ്രസിഡന്റ് ടി. വി. ഇടുക്കി ഡിസിസി മെമ്പറുമാരായ മെമ്പർമാരായ വി. സി. ജോസഫ് വെട്ടിക്കാട്ട്,, മാത്യു റ്റി ചരളയിൽ,ജോൺ പി തോമസ്, ബ്ലോക്ക് സെക്രട്ടറി എൻ എ വഹാബ്, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.