vasavan

കോട്ടയം : എല്ലാ ജനങ്ങൾക്കും കുടിവെള്ളം എത്തിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിനായി പാമ്പാടി പഞ്ചായത്തും ജലജീവൻ മിഷനും സംയുക്തമായി 48.13 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വെള്ളൂർ ഇല്ലിവളവിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളിലൊന്നാണ് കുടിവെള്ളം. അത് ലഭ്യമാക്കുകയെന്നത് ഭരണകർത്താക്കളുടെ കടമയാണ്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുമെന്നും എല്ലാ സർക്കാർ വകുപ്പുകളും ജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

8000 ഗാർഹിക ഗുണഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയുടെ ജല വിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി അദ്ധ്യക്ഷയായി.