
കോട്ടയം: ജില്ലയിൽ തദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടികൾ 18, 19 തീയതികളിൽ നടക്കും. ജില്ലാതല പുരസ്‌കാര വിതരണ സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ 19 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ച ഗ്രാമപഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികവ് പുലർത്തിയ ഗ്രാമപഞ്ചായത്തുകൾക്കുള്ള മഹാത്മാ പുരസ്‌ക്കാരം, മികച്ചഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർക്കുള്ള പുരസ്‌കാരം എന്നിവ ചടങ്ങിൽ വിതരണം ചെയ്യും. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് വിതരണം നിർവഹിക്കും.