പാലാ: മീനച്ചിലാർ ആഴം കൂട്ടണമെന്ന ഉദ്യോഗസ്ഥരുടെ നിലപാടിന്റെ ആധികാരികതയും പ്രയോഗികതയും അന്വേഷിച്ച പഠനസംഘം കണ്ടെത്തിയത് തോടിനേക്കാൾ 4 മീറ്ററോളം താഴ്ന്ന അവസ്ഥയിലുള്ള ആറിന്റെ ഭാഗങ്ങൾ! കഴിഞ്ഞ നാല് പതിറ്റാണ്ട് കാലയളവിലെ മണൽ വാരൽ മൂലമാണ് മീനച്ചിലാർ ഇതേ അവസ്ഥയിലേക്ക് എത്തിയത്. പ്രളയവും വരൾച്ചയും ആവർത്തിക്കുന്ന മീനച്ചിൽ നദീതടം ജനകീയ പഠനയാത്രയുടെ ഭാഗമായി ഭരണങ്ങാനം കൂറ്റനാൽ കടവ് മുതൽ കളരിയാമ്മാക്കൽ കടവ് വരെ നടത്തിയ ജലയാത്രയിൽ കർഷകരും, തീരവാസികളും, പരിസ്ഥിതി പ്രവർത്തകരും, ജനപ്രതിനിധികളും, ഗവേഷക വിദ്യാർത്ഥികളും കുട്ടികളും പങ്കെടുത്തു. മൂന്ന് വള്ളത്തിലും മീനച്ചിൽ നദീസംരക്ഷണസമിതിയുടെ ഇൻസ്‌പെക്ഷൻ ബോട്ടായ കുട്ടവഞ്ചിയിലുമായിരുന്നു യാത്ര. മുൻ മുനിസിപ്പൽ കമ്മീഷണർ രവി പാല, സ്‌കൂൾ വിദ്യാർത്ഥിനി ക്ലാരാ ബിജു എന്നിവർ ചേർന്ന് യാത്ര ഫ്ലാഗ് ഒഫ് ചെയ്തു. ചെക്ക് ഡാമുകളുടെ അശാസ്ത്രീയമായ നിർമ്മാണവും അവയുടെ കാര്യക്ഷമമല്ലാത്ത നടത്തിപ്പും ഏതുവിധത്തിലാണ് ആറിനെയും തീരങ്ങളെയും തീരവാസികളെയും പ്രതിസന്ധിയിലാക്കുന്നത് എന്നും പഠനസംഘം വിലയിരുത്തി. പുതിയ ചെക്ക് ഡാമുകൾക്ക് വേണ്ടിയുള്ള പദ്ധതികൾക്കുമുമ്പ് ജനാഭിപ്രായവും പരിസ്ഥിതി സാമൂഹിക പ്രത്യാഘാത പഠനവും വേണമെന്ന് പഠനസംഘം ആവശ്യപ്പെട്ടു.

രണ്ടാംഘട്ട യാത്ര പാലാ മുതൽ കിടങ്ങൂർ വരെ നടത്തും. ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പൂവേലി, സിസ്റ്റർ റോസ് വൈപ്പന, ബിനു പെരുമന തുടങ്ങിയവർ യാത്രയിൽ പങ്കാളികളായി.