
കോട്ടയം: സംഭാഷണശൈലി കൊണ്ട് ഹാസ്യത്തിന് സവിശേഷ മാനം നൽകിയ പ്രശസ്‌ത നാടക, ചലച്ചിത്ര നടൻ കോട്ടയം പ്രദീപ് (കെ.ആർ.പ്രദീപ്, 61 ) അന്തരിച്ചു. ഇന്നലെ പുലർച്ചെ കുമാരനല്ലൂരിലെ കറുകയിൽ വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട്, ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്കാരം വൈകിട്ട് വീട്ടുവളപ്പിൽ നടന്നു. ഭാര്യ: മായ. മക്കൾ: വിഷ്ണു (ഫാഷൻ ഡിസൈനർ), വൃന്ദ (സെസ്, തിരുവനന്തപുരം).
'അമ്മ'യ്ക്കു വേണ്ടി സെക്രട്ടറി ഇടവേള ബാബുവും നടന്മാരായ പ്രേംപ്രകാശ്, അജു വർഗീസ്, സുനിൽ സുഗത, സംവിധായകരായ ജയരാജ്, പ്രദീപ് നായർ തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു.
പ്രദീപ് ജനിച്ചതും വളർന്നതും കോട്ടയം തിരുവാതുക്കലിലാണ്. പത്താം വയസിൽ എൻ.എൻ.പിള്ളയുടെ 'ഈശ്വരൻ അറസ്റ്റിൽ' എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ചു. 40 വർഷത്തോളം നാടകരംഗത്ത് സജീവമായിരുന്നു.1989 ൽ എൽ. ഐ.സി ഉദ്യോഗസ്ഥനായി. അപ്രതീക്ഷിതമായാണ് കാമറയ്ക്കു മുന്നിലെത്തുന്നത് . "അവസ്ഥാന്തരങ്ങൾ " എന്ന ടെലിഫിലിമിൽ ബാലതാരങ്ങളെ ആവശ്യമുണ്ടെന്നറിഞ്ഞ് മകനുമൊത്ത് സെറ്റിലെത്തിയതായിരുന്നു പ്രദീപ്. മകന് പകരം ആ ടെലിഫിലിമിൽ മുതിർന്ന വേഷത്തിലേക്ക് പ്രദീപിന് നറുക്ക് വീണു. നിർമ്മാതാവും നടനുമായ പ്രേംപ്രകാശാണ് അവസരം നൽകിയത്.