അടിമാലി: 40 മെഗാവാട്ടിന്റെ മാങ്കുളം ചെറുകിട ജലവൈദ്യുത പദ്ധതി ഒരു പതിറ്റാണ്ടിന് ശേഷം നിർമ്മാണത്തിലേക്ക് കടക്കുന്നു. നിർമ്മാണ ഉദ്ഘാടനം ഈ മാസം 28ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി പങ്കെടുക്കും. ഹൈദരാബാദ് ആസ്ഥാനമായ പി.ഇ.എസ്. എൻജിനിയറിംങ്ങ് കമ്പനിയാണ് 250 കോടി രൂപയ്ക്ക് ടെൻഡർ എടുത്തിരിക്കുന്നത്. അവസാന ഘട്ടത്തിൽ മൂന്ന് കമ്പനികൾ ടെൻഡറിൽ ഉണ്ടായിരുന്നു. ഇതിൽ ഏറ്റവും കുറച്ച് തുകയ്ക്ക് ടെണ്ടർ നൽകിയ പി.ഇ.എസ്. കമ്പനിക്കാണ് കരാർ ലഭിച്ചത്.
310 കോടി എസ്റ്റിമേറ്റ് വരുന്ന പദ്ധതിയിൽ ഡാം, പവർ ഹൗസ്, ടണൽ തുടങ്ങി സിവിൽ പ്രവൃത്തികൾക്കാണ് ഇപ്പോൾ ടെൻഡർ വിളിച്ചത്. നാലുവർഷം ആണ് നിർമ്മാണ കാലാവധി.20 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്റർ ആണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കാൻ ഒരുങ്ങുന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് മാങ്കുളത്തിന്റെ ഏറ്റവും വലിയ വികസന പദ്ധതി യാഥാർഥ്യമാകാൻ പോകുന്നത്.
ഭൂമി ഏറ്റെടുത്തത്
300 പേരിൽനിന്ന്
2019ൽ 161 കോടി ആയിരുന്നു പദ്ധതിക്ക് അനുവദിച്ചത്. പിന്നീട് എസ്റ്റിമേറ്റ് പുതുക്കി.പദ്ധതിക്ക് ആകെ 80.013 ഹെക്ടർ ഭൂമിയാണ് വേണ്ടത്. ഇതിൽ 72.79 ഹെക്ടർ ഏറ്റെടുത്തു. 300 പേരിൽനിന്നാണ് ഭൂമി വാങ്ങിയത്. ഇനി 7.36 ഹെക്ടർ കൂടി ഏറ്റെടുക്കാനുണ്ട്. ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിന് നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഒന്നും രണ്ടും ഘട്ടങ്ങളിലായി 40 വീതം 80 മെഗാവാട്ട് വൈദ്യുതി ആണ് ഇവിടെ ലക്ഷ്യമിടുന്നത്.2010ൽ പദ്ധതിക്ക് വേണ്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചെങ്കിലും പലതവണ മുടങ്ങി. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ആണ് സ്ഥലമെടുപ്പിന് വേഗം വന്നത്. ജലവൈദ്യുത പദ്ധതിയും അതിന് വേണ്ട ഡാമും വരുന്നതോടെ മാങ്കുളത്ത് ടൂറിസം രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കും. 28ന് നടക്കുന്ന ചടങ്ങിൽ വൈദ്യുതിബോർഡ് നിർമിച്ച ഷോപ്പിംങ്ങ് കോംപ്ളക്‌സിന്റെ ഉദ്ഘാടനവും നടക്കും.