കോട്ടയം: ഞങ്ങൾ എങ്ങനെ യാത്രചെയ്യും...! ഇരുചക്രവാഹനയാത്രികരും കാൽനടയാത്രക്കാരും ഒരേസ്വരത്തിൽ ചോദിക്കുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കലിന്റെ ബാക്കി പത്രമായി പൊടിയിൽ മുങ്ങിയിരിക്കുകയാണ് ഈരയിൽക്കടവ് കളക്ടേറ്റ് ഇടറോഡ്. ആഴ്ചകൾക്ക് മുൻപാണ് റോഡിന്റെ മധ്യഭാഗം കുഴിച്ച് പൈപ്പുകൾ ഇട്ടത്. എന്നാൽ, താൽകാലികമായി കുഴി മൂടി നികത്തി അധികൃതർ തടിതപ്പി. ഇപ്പോൾ റോഡും പരിസരപ്രദേശങ്ങളും പൊടിയിൽ മുങ്ങിയ സഥിതിയാണ്. മുഖം മറച്ചുവേണം റോഡിലൂടെ കടന്നുവരാൻ. ടൗൺ ചുറ്റാതെ, കഞ്ഞിക്കുഴി, കളക്ട്രേറ്റ്, കോടിമത, മണിപ്പുഴ, കളത്തിപ്പടി, മാർക്കറ്റ് എന്നിവിടങ്ങളിലേയ്ക്ക് പോകാൻ ചെറുതും വലുതുമായ വാഹനങ്ങൾ ഉൾപ്പെടെ ഉപയോഗിക്കുന്ന റോഡാണിത്. പൊടിശല്യത്തിനൊപ്പം റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

ആകെ ദുരിതം

റോഡിന് സമീപത്ത് സ്ഥിതി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർമാർക്കും വലിയ ദുരിതമാണ്. വ്യാപാര സ്ഥാപനങ്ങൾ പൊടി നിറഞ്ഞ് തുറക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. റോഡിന് സമീപത്തെ തണൽമരങ്ങൾ ഉൾപ്പെടെ പൊടിയിൽ മുങ്ങി.