പാലാ: പാലാ നഗര മേഖലയിലെ ശുദ്ധജല വിതരണം കാര്യക്ഷമമാക്കാനും തടസരഹിത ജലവിതരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര ജലവിതരണ ശൃംഖല സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പാലാ നഗരമേഖലയിലെ വർദ്ധിച്ചുവരുന്ന ശുദ്ധജല ആവശ്യം പരിഹരിക്കുന്നതിന് നിലവിലുള്ള പദ്ധതി വിപുലീകരിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസ്.കെ.മാണി എം.പിയുടെ നേതൃത്വത്തിൽ നഗരസഭാ ചെയർമാനും ജനപ്രതിനിധികളും വിവിധ സംഘടനകളും ചേർന്ന് മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി തുടർനടപടികൾക്ക് നിർദ്ദേശം നൽകിയത്. ഇതനുസരിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വാട്ടർ അതോറിട്ടി മാനേജിംഗ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. ഏതു സമയത്തും കുടിവെള്ളം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താൻ കഴിയുംവിധം സമഗ്ര കുടിവെള്ള പദ്ധതിക്കായി 'അർബൻ ജൽ ജീവൻ ' പദ്ധതിയിൽ പാലാ നഗരത്തെ ഉൾപ്പെടുത്താനും മന്ത്രി നിർദ്ദേശിച്ചു. ചർച്ചയിൽ ഫിലിപ്പ് കുഴികുളം, ബൈജു കൊല്ലം പറമ്പിൽ, ബിജു പാലൂപടവിൽ, ജയ്‌സൺമാന്തോട്ടം, ബൈജു പുതിയിടത്തുചാലിൽ എന്നിവർ പങ്കെടുത്തു.