 
അടിമാലി: ജനകീയ പങ്കാളിത്തത്തോടെ അടിമാലി ടൗൺ മുഴുവനായും ക്യാമറ നിരീക്ഷണത്തിലാക്കുന്ന വിഷൻ അടിമാലി പദ്ധതി പൂർത്തിയായി. ക്യാമറകളുടെ പ്രവർത്തന ഉദ്ഘാടനം ഇന്ന് വൈകിട്ട് അടിമാലിയിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. അഡ്വ എ രാജ എംഎൽഎ അദ്ധ്യക്ഷനാകും. ഡീൻ കുര്യാക്കോസ് എംപി ഡിസ്‌പ്ലേ യൂണിറ്റ് ഉദ്ഘാടനം ചെയ്യും. ജനപങ്കാളിത്തത്തോടെ 15 ലക്ഷം രൂപ ജനങ്ങളിൽ നിന്നും കണ്ടെത്തിയാണ് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ 32 ആധുനിക സൗകര്യങ്ങളോട് കൂടിയ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. അടിമാലി ജനമൈത്രി പൊലീസ് സ്റ്റേഷനാണ് കണ്ട്രോൾ റൂമായി പ്രവർത്തിക്കുക. അടിമാലി പഞ്ചായത്ത് ഓഫീസിലും ഡിസ്‌പ്ലേ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്.
ഉദ്ഘാടനത്തിന് മുമ്പ് തന്നെ അഞ്ചു കേസുകൾ കണ്ടെത്താൻ പൊലീസിനെ സഹായിച്ച വിഷൻ അടിമാലി പദ്ധതി മാതൃകയാവുകയാണെന്ന് ജനകീയ കമ്മിറ്റി ഭാരവാഹികളായ സി ഡി ഷാജി, പി എം ബേബി, കെ ഡി മണിയൻ, തങ്കച്ചൻ പീറ്റർ , സി. ആർ. സന്തോഷ് എന്നിവർ അറിയിച്ചു.