krishi

കോട്ടയം: കുടുംബശ്രീ യൂണിറ്റിലെ കർഷകരുടെയും സംഘകൃഷിക്കാരുടെയും ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിറ്റഴിക്കുന്നതിനായി കുടുംബശ്രീ പത്തായം എന്നപേരിലുള്ള വിപണനശാല തിരികെയെത്തുന്നു. കുടുംബശ്രീയുടെ ഒന്നരലക്ഷം രൂപ ചെലവഴിച്ച് ഒരു നാട്ടുചന്തയ്ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് 2019 ൽ കളക്ടർ പി.കെ സുധീർ ബാബു കേന്ദ്രം ആരംഭിച്ചത്. അധികനാൾ പിന്നിടുംമുൻപ് കൊവിഡും ലോക്ക്ഡൗണും എത്തിയതോടെ താൽക്കാലികമായി പത്തായത്തിന്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു.

കുടുംബശ്രീയുടെ നോർത്ത് സി.ഡി.എസിൽ ഉൾപ്പെട്ട കുടുംബശ്രീ യൂണിറ്റുകൾക്കായിരുന്നു പത്തായത്തിന്റെ ചുമതല. പൊതുജനങ്ങൾക്കും കളക്‌ടറേറ്റ് ജീവനക്കാർക്കും ഉപകാരപ്രദമാകുന്ന രീതിയിലായിരുന്നു പത്തായത്തിന്റെ പ്രവർത്തനം. കുടുംബശ്രീ പ്രവർത്തകരുടെ മാത്രമല്ല, നാട്ടിൻപുറത്തെ മറ്റ് കർഷകരുടെ ഉത്പന്നങ്ങളും ഉദ്യോഗസ്ഥരുടെ കാർഷികോത്പന്നങ്ങളും ഇവിടെ വിപണനം നടത്തിയിരുന്നു. കൊവിഡ് നിയന്ത്രണത്തിൽ ഇളവ് വന്നതോടെ വീണ്ടും പത്തായം ആരംഭിച്ചെങ്കിലുംപ്രവർത്തനം കാര്യക്ഷമമായില്ല. പൊതുജനങ്ങളെയും വിപണനകേന്ദ്രത്തെയും ബന്ധിപ്പിക്കുന്ന പത്തായത്തിന് സമീപത്തെ ഗേറ്റ് കൊവിഡ് നിയന്ത്രണം മൂലം അടച്ചതും പ്രതിസന്ധിയായി. കുടുംബശ്രീയുടെ പുതിയ ഭരണസമിതി വന്നതോടെ, പുതിയ യൂണിറ്റിനെ ഏൽപ്പിച്ച് പത്തായം പുനർപ്രവർത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ പറഞ്ഞു.

'കേന്ദ്രത്തിലെ വിപണനത്തിന് ആവശ്യമായ മെഷീനുകൾ സജ്ജമാണ്. മാർച്ചിൽ കാർഷികോത്പന്നങ്ങളുടെ മേള സംഘടിപ്പിച്ച് പ്രവർത്തനം പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. '

- അനൂപ് ചന്ദ്രൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ