
കോട്ടയം: മികവാർന്ന പ്രവർത്തനത്തിന് ജില്ലയിലെ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംസ്ഥാന സർക്കാരിന്റെ സ്വരാജ്, മഹാത്മാ, മഹാത്മാ അയ്യങ്കാളി പുരസ്‌കാരം നേടി. 2020,21 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരം. മികച്ച ബ്ലോക്കുകളിൽ ളാലം മൂന്നാം സ്ഥാനം കരസ്ഥമാക്കി. 85.5 മാർക്കോടെയാണ് സ്വരാജ് ട്രോഫി നേട്ടം. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ മികവു പുലർത്തിയതിന് നഗരസഭകൾക്കു നൽകുന്ന മഹാത്മാ അയ്യങ്കാളി പുരസ്‌കാരത്തിൽ വൈക്കം നഗരസഭ സംസ്ഥാനതലത്തിൽ രണ്ടാം സഥാനം നേടി. 59 മാർക്കാണ് നേടിയത്.
പ്രവർത്തനമികവിന് ജില്ലാതലത്തിൽ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും മരങ്ങാട്ടുപിള്ളി രണ്ടാം സ്ഥാനവും നേടി ജില്ലാതല സ്വരാജ് ട്രോഫി കരസ്ഥമാക്കി. യഥാക്രമം 130.5, 124.5 മാർക്കാണ് പഞ്ചായത്തുകൾക്ക് ലഭിച്ചത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മികച്ച നടത്തിപ്പിനുള്ള ജില്ലാതല മഹാത്മാ പുരസ്‌കാരം തലയാഴം ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. 75 മാർക്കാണ് നേടിയത്.
ജില്ലാതല പുരസ്‌കാരങ്ങൾ 19ന് വൈകിട്ട് മൂന്നിന് കോട്ടയം മാമൻമാപ്പിള ഹാളിൽ നടക്കുന്ന ജില്ലാതല തദ്ദേശസ്വയംഭരണ ദിനാഘോഷ ചടങ്ങിൽ സമ്മാനിക്കും. സംസ്ഥാനതല സ്വരാജ് ട്രോഫി നേടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തിന് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും മൂന്നാംസ്ഥാനത്തിന് 10 ലക്ഷം രൂപയും നൽകും. ജില്ലകളിൽ സ്വരാജ് ട്രോഫി ഒന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് അഞ്ചു ലക്ഷം രൂപയുമാണ് .