muhammedd-saajith

തൊടുപുഴ: വീട്ടുമുറ്റത്തിട്ട് പിതാവ് കാർ തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മകന്റെ ദേഹത്ത് തട്ടി 10 വയസുകാരൻ മരിച്ചു. ഉടുമ്പന്നൂർ കുളപ്പാറ കാരക്കുന്നേൽ റെജിൽ ഹസീന ദമ്പതികളുടെ ഏക മകൻ കെ.ആർ. മുഹമ്മദ് സാജിദാണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ദാരുണസംഭവം. മുറ്റത്ത് സ്ഥല പരിമിതിയുള്ളതിനാൽ റെജിൽ കാർ തിരിക്കുമ്പോൾ മകൻ മുഹമ്മദ് സാജിദ് സൈഡ് പറഞ്ഞ് കൊടുക്കുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് നിയന്ത്രണം വിട്ട കാർ മുന്നോട്ട് കുതിച്ച് സാജിദിനെ ഇടിക്കുകയായിരുന്നു. കാറിനും മുറ്റത്ത് തന്നെയുള്ള മരത്തിനും ഇടയിൽ സാജിദകപ്പെട്ടു. റെജിലിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ ഉടൻ തന്നെ കുട്ടിയെ കരിമണ്ണൂർ സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആകെയുള്ള അഞ്ച് സെന്റ് ഭൂമിയിലെ കൊച്ചുവീട്ടിലാണ് റെജിലും കുടുംബവും താമസിക്കുന്നത്. പലഹാരം ഉണ്ടാക്കി വിൽക്കൽ, പെയിന്റിങ്, ടൈൽ പണി തുടങ്ങി വിവിധ തൊഴിലുകൾ ചെയ്താണ് റെജിൽ കുടുംബം പുലർത്തിയിരുന്നത്. പലഹാരക്കച്ചവടത്തിനായി ഉണ്ടായിരുന്ന ഓട്ടോറിക്ഷ മാറ്റി അടുത്തിടെ വാങ്ങിയ കാറാണ് അപകടത്തിൽപ്പെട്ടത്. ഗർഭിണിയായ മാതാവ് ഹസീന അപകട സമയത്ത് തൊഴിലുറപ്പ് ജോലിക്കായി പോയിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് കരിമണ്ണൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രി മോർച്ചറിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. വൈകിട്ട് ആറരയോടെ വീട്ടിലെത്തിച്ച മൃതദേഹം എട്ട് മണിയോടെ ഇടമറുക് കാരൂക്കാ പള്ളിയിൽ ഖബറടക്കി. മരിച്ച സാജിദ് കരിമണ്ണൂർ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.