
കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ അമ്പലപ്പറമ്പും പള്ളിപ്പറമ്പും ഇനി ഉത്സവ ലഹരിയിലാകും. മൂന്നു വർഷത്തോളമായി പട്ടിണിയിലായ കലാകാരന്മാർക്ക് ആശ്വാസമായി.
കൂടുതൽ ആളുകൾക്കും അഞ്ച് ആനകൾക്ക് വരെയും ഉത്സവത്തിന് പങ്കെടുക്കാൻ സർക്കാർ അനുവാദം നൽകിയിട്ടുണ്ട്.
ക്ഷേത്രകലകൾ മാത്രം നടത്തിയിരുന്ന കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ ഈ വർഷം പകൽ പൂരവും വിവിധ കലാപരിപാടികളും നടത്താനാണ് ഉപദേശക സമിതി തീരുമാനം. ഏറ്റുമാനൂർ ഉത്സവത്തിനും പകൽപൂരം നടത്താൻ ആലോചനയുണ്ട്. കുമരകം ശ്രീകുമാര മംഗലം ക്ഷേത്രത്തിൽ ഗാനമേള അടക്കം വിവിധ കലാപരിപാടികളോടെ ഉത്സവം ആരംഭിച്ചു.
കൊവിഡ് നിയന്ത്രണത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും വിദേശങ്ങളിലും നേരത്തേ ബുക്ക് ചെയ്തിരുന്ന പ്രോഗ്രാമുകൾ റദ്ദാക്കേണ്ടിവന്നതോടെ ഉത്സവ സീസണിലെ വരുമാനം കൊണ്ട് ജീവിച്ചിരുന്ന കലാകാരന്മാർ പട്ടിണിയിലായിരുന്നു. ബാൻഡ് സെറ്റ് സംഘങ്ങൾക്കും ചവിട്ടുനാടകത്തിനും മറ്റും വേദി ലഭിക്കുന്നത് പള്ളി പെരുന്നാളിനോടനുബന്ധിച്ചാണെങ്കിൽ ഉത്സവ കാലത്തു മാത്രമാണ് കൂത്ത്, കൂടിയാട്ടം, പാഠകം, ഓട്ടൻതുള്ളൽ, കഥകളി, വേലകളി തുടങ്ങിയവയ്ക്ക് വേദി . ബാലേ, നൃത്തനൃത്യങ്ങൾ ഗാനമേള , മിമിക്സ് പരേഡ് തുടങ്ങി കാണികളെ കൂടുതൽ ആകർഷിക്കുന്ന പരിപാടികൾ നടത്താനാവാതെ വന്നതോടെ നൂറു കണക്കിന് കലാകാരന്മാരായിരുന്നു പട്ടിണിയിലായത്.
മീനഭരണിയോടെ ദേവിക്ഷേത്രങ്ങളിലെ ഉത്സവ പരിപാടി ആരംഭിക്കും. ഏപ്രിലിൽ വിഷു, പത്താമുദയം ആഘോഷങ്ങൾ ആകും. ഏപ്രിൽ അവസാനത്തോടെയാണ് ഉത്സവ സീസൺ അവസാനിക്കുക.
' ഉത്സവ സീസൺ മൂന്നു മാസം പിന്നിട്ടപ്പോഴാണ് 1500 പേർക്കു വരെ പരിപാടികളിൽ പങ്കെടുക്കാമെന്ന സർക്കാർ അനുമതി വന്നത്. മാർച്ചിൽ ഉത്സവം നടക്കേണ്ടിടത്ത് ക്ഷേത്രകലകൾ മാത്രമായി നോട്ടീസിറക്കി. പ്രോഗ്രാം മാറ്റുക പ്രയാസമാകും. മേയ് മാസത്തോടെ സീസൺ തീരും. ഇളവുകൾ ഡിസംബറോടെ ആയിരുന്നെങ്കിൽ കൂടുതൽ കലാകാരന്മാർക്ക് സാമ്പത്തിക നേട്ടമായേനേ.
- സന്തോഷ് തിരുവഞ്ചൂർ,
മാനേജർ, കോട്ടയം കമ്മ്യൂണിക്കേഷൻ