
കോട്ടയം: അഹമ്മദാബാദ് സ്‌ഫോടന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി സഹോദരന്മാരായ ഈരാറ്റുപേട്ട പീടിയേക്കൽ പി.എ. ഷിബിലി, അനിയൻ പി.എ. ശാദുലി എന്നിവർ വാഗമണിലെ ആയുധ പരിശീലന ക്യാമ്പിന്റെ പേരിൽ കഠിനതടവ് അനുഭവിച്ചു വരികയാണ്.
ഐ.ടി പ്രൊഫഷണലായ ഷിബിലിയും ഇലക്ട്രോണിക്സ് എൻജിനിയറായ ശാദുലിയും ഭീകരപ്രവർത്തനത്തിന് അറസ്റ്റിലാകുമ്പോഴാണ് നാട്ടുകാർ ഇവരെക്കുറിച്ച് കൂടുതൽ അറിയുന്നത്.
കമ്പ്യൂട്ടർ ആൻഡ് ഹാർഡ്‌വെയറിൽ ഡിപ്ലോമയ്ക്കുശേഷം ഷിബിലി തിരുവനന്തപുരത്തും ബംഗളുരുവിലും വിവിധ കമ്പനികളിൽ ജോലി ചെയ്തു. പിന്നീട് മുംബയിലേക്ക് മാറി. 2008 മാർച്ച് 26ന് കേരളത്തിൽ നിന്ന് ഇൻഡോറിലേക്കുള്ള യാത്രയ്‌ക്കിടെയാണ് അറസ്റ്റിലാകുന്നത്.
വിവിധ സംഘടനകളുടെ ഭാഗമായിരുന്നെങ്കിലും നാട്ടിൽ ഇരുവരും ശാന്തസ്വഭാവക്കാരായാണ് കാണപ്പെട്ടിരുന്നത്. കമ്പ്യൂട്ടർ വിദഗ്ദ്ധനായ ഷിബിലിയും ശാദുലിയും അഹമ്മദാബാദ് സ്‌ഫോടന കേസിലെ ബുദ്ധികേന്ദ്രങ്ങളിൽ പെട്ടവരാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. രാജ്യത്തെ വിവിധ സ്ഫോടനങ്ങളുടെ ആസൂത്രണം വാഗമൺ സിമി ക്യാമ്പിലായിരുന്നുവെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. 2007 ഡിസംബർ 10 മുതൽ 22 വരെയാണ് നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഒഫ് ഇന്ത്യ (സിമി) വാഗമണിൽ ആയുധപരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. കൊച്ചിയിലെ എൻ.ഐ.എ കോടതി ഇരുവരും ഉൾപ്പെടെ 18പേരെ 2018 മേയിൽ 27 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. കുറ്റം ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ അത് ഏഴുവർഷം കഠിന തടവായി.
മക്കൾ നിരപരാധികളാണെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് ഷിബിലിയുടേയും ശാദുലിയുടേയും പിതാവ് അബ്ദുൾ കരീം പറഞ്ഞു. നീതിയിലുള്ള പ്രതീക്ഷ കൈവിടുന്നില്ല. അഭിഭാഷകരുമായി ആലോചിച്ച് വിധിക്കെതിരെ അപ്പീൽ പോകുമെന്നും അദ്ദേഹം പറഞ്ഞു