എരുമേലി : കെ.എസ്.ആർ.ടി.സി എരുമേലി ഡിപ്പോയുടെ കെട്ടിടം അപകടാവസ്ഥയിലായതിനൊപ്പം കംഫർട്ട് സ്‌റ്റേഷനും ശോചനീയാവസ്ഥയിലായത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കംഫർട്ട് സ്‌റ്റേഷൻ അടഞ്ഞു കിടക്കുന്നതോടെ ദീർഘദൂര യാത്രക്കാർക്കാണ് ഏറെ ബുദ്ധിമുട്ട്. സ്ത്രീകളടക്കമുള്ള യാത്രക്കാർ സമീപത്തെ ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലുമാണ് പ്രാഥമികാവശ്യം നിറവേറ്റുന്നത്. ശൗചാലയത്തിന്റെ വാതിലുകളും, ക്ലോസറ്റുകളും തകർന്നു കിടക്കുകയാണ്. ഇതോടെ ആളുകൾ കയറാതിരിക്കാൻ ജീവനക്കാർ ബോർഡ് കൊണ്ട് മറച്ചുവച്ചിരിക്കുകയാണ്. പ്രളയത്തിൽ ബലക്ഷയം സംഭവിച്ചതോടെയാണ് കെട്ടിടം അപകടാവസ്ഥയിലായത്.

സാങ്കേതിക കാരണങ്ങളിൽ കുടുങ്ങി

ജനകീയാസൂത്രണ പദ്ധതി പ്രകാരം നിർമ്മിച്ചതാണ് ഡിപ്പോ സമുച്ചയവും, കംഫർട്ട് സ്‌റ്റേഷനും. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് ഇതുവഴി യാത്ര ചെയുന്നത്. കംഫർട്ട് സ്‌റ്റേഷൻ പുനരുദ്ധാരണത്തിനായി പഞ്ചായത്ത് മൂന്നുലക്ഷം രൂപ അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപ്പിലാക്കിയിട്ടില്ല. ശബരിമല തീർത്ഥാടന കാലത്തും എല്ലാ മാസങ്ങളിലും നടതുറക്കുന്ന സമയത്തും എത്തിച്ചേരുന്ന തീർത്ഥാടകർക്കും കംഫർട്ട് സ്‌റ്റേഷൻ പ്രയോജനപ്പെടും.