
കോട്ടയം: സാധാരണക്കാരന് കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള കെ ഫോൺ പദ്ധതിയുടെ പ്രയോജനം ആദ്യ ഘട്ടത്തിൽ ജില്ലയിൽ 626 സ്ഥാപനങ്ങളിൽ ലഭിക്കും. ഇവിടങ്ങളിൽ ഇന്റർനെറ്റ് നൽകുന്നതിന് ഫൈബർ കേബിൾ എത്തിച്ചിട്ടുണ്ട്. ഇതിൽ 428 എണ്ണത്തിൽ മോഡം, യു.പി.എസ്. റാക്ക് ഇൻസ്റ്റലേഷൻ അടക്കമുള്ള കണക്ടിവിറ്റി പ്രവൃത്തികളും പൂർത്തിയാക്കി. മേയിൽ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം.
കെ-ഫോൺ ശൃംഖലയുടെ ഭാഗമായി ജില്ലയിലെ 24 പോപുകൾ (പോയിന്റ് ഒഫ് പ്രസൻസ്) വരുന്ന കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളെ ബന്ധിപ്പിച്ച് 2561.633 കിലോമീറ്ററിലാണ് ഫൈബർ കേബിൾ സ്ഥാപിക്കുക. കെ ഫോൺ ശൃംഖലയുടെ മസ്തിഷ്‌കമെന്നറിയപ്പെടുന്ന കോർപോപ് (കോർ പോയിന്റ് ഒഫ് പ്രസൻസ്) ജില്ലയിൽ സ്ഥാപിച്ചിരിക്കുന്നത് പള്ളം കെ.എസ്.ഇ.ബി. 220 കെ.വി. സബ് സ്റ്റേഷനിലാണ്. ജില്ലയിലെ ഏഴ് വൈദ്യുതി സബ് സ്റ്റേഷനുകളിലെ അഗ്രിഗേഷൻ പോപുകളുമായും 16 സബ് സ്റ്റേഷനുകളിലെ പ്രീ ആഗ്രിഗേഷൻ ആൻഡ് സ്പർ പോപുകളുമായും ബന്ധിപ്പിക്കും. കഞ്ഞിക്കുഴി, ഗാന്ധിനഗർ, അയർക്കുന്നം, ഏറ്റുമാനൂർ, കുറവിലങ്ങാട്, രാമപുരം, പാലാ എന്നീ കെ.എസ്.ഇ.ബി. സബ് സ്റ്റേഷനുകളിലെ അഗ്രിഗേറ്റ് പോപുകളുടെ നിർമാണങ്ങൾ പൂർത്തിയായി. സബ്‌സ്റ്റേഷനുകളിലെ പ്രീ ഫാബ് ഷെൽട്ടറിനുള്ളിലെ ടെലികോം ഉപകരണങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശോധന അവസാനഘട്ടത്തിലാണ്. ഇതു പൂർത്തിയാകുന്നതോടെ പ്രവർത്തനസജ്ജമാകുന്ന പോപുകളുടെ പരിധിയിലെ എട്ടു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥാപനങ്ങളിലേയ്ക്ക് ഇന്റർനെറ്റ് കണക്ഷൻ ഉടൻ നൽകിത്തുടങ്ങും.
മേൽനോട്ടത്തിന് 13 സംഘം
പഞ്ചായത്തുകൾ, സ്‌കൂളുകൾ, സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ വീടുകൾ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് നൽകാനാണ് സംവിധാനമൊരുങ്ങുന്നത്. ഇതിനായി ഓരോ സബ്‌സ്റ്റേഷനുകളിലെ പോപുകളിൽ നിന്ന് സ്ഥാപനങ്ങളുടെ 250 മീറ്റർ അകലത്തിൽ സ്ട്രീറ്റ് ബോക്‌സ് സ്ഥാപിക്കും.
പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ 13 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
ഇതുവരെ സ്ഥാപിച്ച കേബിൾ 955 കിലോമീറ്റർ
ഇനിവേണ്ടത്
 കേബിൾ സ്ഥാപിക്കാൻ റെയിൽവേ, ദേശീയ പാത അതോറിറ്റി അനുമതി
 16 സബ്‌സ്റ്റേഷനുകളിലെ പ്രീ അഗ്രിഗേഷൻ , സ്പർ പോപുകളുടെ നിർമാണം
 പോപുകളുടെ പരിധിയിലെ സ്ഥാപനങ്ങളിലേക്ക് കേബിൾ സ്ഥാപിക്കൽ
 പോപ് പ്രീ ഫാബ് ഷെൽട്ടറിനുള്ളിൽ ടെലികോം ഉപകരണങ്ങൾ സ്ഥാപിക്കൽ
 എൻഡ് ഓഫീസ് സ്ഥാപനങ്ങളിലെ മോഡം, യു.പി.എസ് റാക്ക് സ്ഥാപിക്കൽ
''മേയ് പകുതിയോടെ പദ്ധതിയുടെ മുഴുവൻ നിർമാണവും പൂർത്തിയാക്കും '' - മോസസ് രാജകുമാർ (കെ ഫോൺ പ്രൊജക്ട് മേധാവി)