പാലാ : നഗരത്തിലും പരിസരപ്രദേശങ്ങളിലും ന്യൂജനറേഷൻ ബൈക്കുമായി അഭ്യാസത്തിനിറങ്ങുന്നവരെ പിടിക്കാൻ പാലാ പൊലീസ് 'ഓപ്പറേഷൻ വീലി' പരിപാടിയുമായി രംഗത്ത്. കഴിഞ്ഞ ദിവസം നിരവധിപ്പേർ നോക്കിനിൽക്കെ പാലാ ജനറൽ ആശുപത്രി ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡിന് മുൻവശം ഹൈവേയിൽ ബൈക്കഭ്യാസം നടത്തിയ വിദ്യാർത്ഥികളെ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് ഇത്തരക്കാരെ പിടികൂടാൻ പൊലീസ് കർശന നടപടി സ്വീകരിക്കുന്നതെന്ന് പാലാ സി.ഐ കെ.പി.ടോംസൺ പറഞ്ഞു. ''ഫ്രീക്കൻമാരുടെ ഇടയിൽ അറിയപ്പെടുന്ന 'വീലി അഭ്യാസം' തടയുന്നതിന് കർശന നടപടി സ്വീകരിക്കാൻ ഡിവൈ.എസ്.പി ഷാജു ജോസ് നിർദ്ദേശം നൽകിയിരുന്നു.
ജനുവരി മുതൽ ഫെബ്രുവരി 18 വരെ പാലാ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 37 വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 34 എണ്ണവും ഇരുചക്രവാഹനങ്ങളാണ്. ലഹരിക്കടിമപ്പെടുന്ന കുട്ടികളും ന്യൂജൻ ബൈക്കുകളുമായി നഗരത്തിലെത്തുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. അപകടങ്ങൾ ഉണ്ടാക്കുന്നതിലധികവും ലൈസൻസ് പോലുമില്ലാത്തവരാണ്. നിരപരാധികളായ കാൽനടയാത്രക്കാർ പോലും ന്യൂജനറേഷൻ ബൈക്കുകളുടെ മരണപ്പാച്ചിലിൽ അപകടത്തിൽപ്പെടുകയാണ്.
ഇവർക്ക് പിടിവീഴും
ന്യൂജനറേഷൻ ബൈക്ക് മോട്ടോർ വാഹനവകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ, അമിത വേഗത, ബന്ധപ്പെട്ട രേഖകൾ ഇല്ലാതെയുള്ള കറക്കം, ഹെൽമറ്റ് ഇല്ലാതെയുള്ള സഞ്ചാരം ഇവയ്‌ക്കെല്ലാമെതിരെ നിയമനടപടി സ്വീകരിക്കും. അപകടങ്ങൾ ഒഴിവാക്കുന്നതിനും അതുവഴി ഓരോ കുടുംബത്തിന്റെയും കണ്ണീർ തുടയ്ക്കുന്നതിനും സമൂഹത്തിന് ബാദ്ധ്യതയുണ്ട്. അതിനാൽ വരുംദിവസങ്ങളിൽ ഓപ്പറേഷൻ വീലിയുടെ ഭാഗമായി നടത്തുന്ന പരിശോധനയോട് എല്ലാവരും സഹകരിക്കണമെന്നും പാലാ പൊലീസ് അഭ്യർത്ഥിച്ചു.