
കോട്ടയം: ഫണ്ട് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കോട്ടയം നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യനെ എൽ.ഡി.എഫ് കൗൺസിലർമാർ ചേംബറിൽ പൂട്ടിയിട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. 21 എൽ.ഡി.എഫ് കൗൺസിലർമാർ ചെയർപേഴ്‌സണിന്റെ ചേംബറിലേയ്ക്ക് മുദ്രാവാക്യം വിളിച്ച് എത്തുകയും മുറി അകത്തുനിന്നു പൂട്ടുകയുമായിരുന്നു. വിവരമറിഞ്ഞ് യു.ഡി.എഫ് കൗൺസിലർമാർ എത്തിയെങ്കിലും അകത്തുകയറാനായില്ല. ഇതോടെ സംഘർഷാവസ്ഥയായി. തുടർന്ന് വെസ്റ്റ് പൊലീസ് എത്തിയാണ് മുറി തുറപ്പിച്ചത്. എങ്കിലും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും ബഹളവും തുടർന്നു.
വാട്ടർ അതോറിറ്റിക്കും ഇലക്ട്രിസിറ്റി ബോർഡിനും അറ്റകുറ്റ പണികൾ നടത്തുന്നതിനായി നഗരസഭ പണം കെട്ടിവയ്‌ക്കേണ്ടതുണ്ട്. വാട്ടർ അതോറിറ്റിക്ക് ഒരു 1.28 കോടിയും, ഇലക്ട്രിസിറ്റിക്ക് 88 ലക്ഷവും നല്കിയതായി നഗരസഭയിൽ കണക്കുണ്ട്. ഇറിഗേഷനിലും ഫണ്ട് കെട്ടിവച്ചിട്ടുണ്ട്. ഈ ഫണ്ടുകൾ നാലു കൗൺസിലർമാർക്ക് മാത്രമാണ് ലഭിച്ചതെന്നാണ് ആരോപണം. ഫണ്ട് ഇടതുപക്ഷ കൗൺസിലർമാരുടെ വാർഡുകളിലില്ലെന്നും ചെയർപേഴ്‌സന്റെ വാർഡിലും കൗൺസിലർ ദമ്പതിമാരായ ബിന്ദു സന്തോഷ്‌കുമാർ എന്നിവരുടെ വാർഡിലേക്കാണ് പോയതെന്നും പ്രതിപക്ഷ കൗൺസിലർ അഡ്വ.ഷീജാ അനിൽ ആരോപിച്ചു.
എന്നാൽ ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിക്കുന്നത് എൽ.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിലാണെന്ന് വൈസ് ചെയർമാൻ ബി. ഗോപകുമാർ അറിയിച്ചു. സ്ഥലം മാറ്റിയ സെക്രട്ടറിക്കു പകരം ആളെ തന്നിട്ടില്ലെന്നും സർക്കാരാണ് ഇപ്പോഴത്തെ വികസന മുരടിപ്പിനു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപരോധത്തിനു ശേഷം നഗരസഭക്കുമുന്നിൽ എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധയോഗവും ചേർന്നു.
'മുന്നറിയിപ്പില്ലാതെ കടന്നുവന്ന് എൽ.ഡി.എഫ് കൗൺസിലർമാർ സ്ത്രീയായ തന്നെ പൂട്ടിയിടുകയായിരുന്നു. ആരോടും വിവേചനം കാണിച്ചിട്ടില്ല. സെക്രട്ടറിയില്ലാത്തതിനാൽ ഭരണപരമായ കാര്യങ്ങൾ ഇഴയുകയാണ്. ഫണ്ടില്ലാതെ പണികൾ മുടങ്ങുന്നതിന് സർക്കാരാണ് ഉത്തരവാദി. പൂട്ടിയിട്ടതിനെതിരെ പൊലീസിൽ പരാതി നൽകും'.
- ബിൻസി സെബാസ്റ്റ്യൻ, നഗരസഭാദ്ധ്യക്ഷ