railway

കോട്ടയം: കോട്ടയം റെയിൽവെ സ്‌റ്റേഷൻ നവീകരണം അതിവേഗം മുന്നോട്ട് . പാളങ്ങൾക്ക് ഉയരം കൂട്ടുന്നതിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനൊപ്പം ഇലക്ട്രിക്ക് ലെെനുകൾക്കും ഉയരം കൂട്ടുന്ന പണിയും നടക്കുന്നു. മണ്ണെടുക്കുന്ന ജോലികളും അതിവേഗം പുരോഗമിക്കുന്നു. മാർച്ചിൽ നവീകരിച്ച ഭാഗം തുറന്ന് കൊടുക്കാൻ കഴിയും. ഇപ്പോൾ മൂന്ന് പ്‌ളാറ്റ്‌ ഫോമുകൾ മാത്രം ഉപയോഗത്തിലുള്ള കോട്ടയത്ത് അറ്റകുറ്റപ്പണികൾ പൂർത്തിയായാൽ അഞ്ച് പ്‌ളാറ്റ് ഫോമുകളാകും. കൂടുതൽ സർവീസുകളും ഉണ്ടാകും. എം.സി റോഡിൽ നിന്ന് സ്‌റ്റേഷനിലേക്ക് നേരിട്ട് ഇറങ്ങാൻ പുതിയൊരു കവാടം കൂടി നിർമ്മിക്കും. പഴയ തുരങ്കം പൂർണമായും പാർക്കിംഗിനായി നൽകും. എം.സി റോഡിൽ നിന്ന് നാഗമ്പടം ബസ് സ്റ്റാൻഡിലേക്കുണ്ടായിരുന്ന റെയിൽവെ മേൽപ്പാലം പൊളിച്ച് മാറ്റിയതിനു പകരം ഗുഡ്‌സ് ഷെഡ് ഓഫീസിന് സമീപത്ത് പുതിയത് നിർമ്മാണം പുരോഗമിക്കുന്നു.

' പൊടി ശല്യം രൂക്ഷമാണ്, എങ്കിലും നവീകരണം പൂർത്തിയായാൽ കൂടുതൽ ഗുഡ്സ് ട്രെയിനുകൾ എത്താനുള്ള സാദ്ധ്യതയുണ്ട്.

-രാജൻ, ചുമട്ട് തൊഴിലാളി, ഗുഡ്സ് ഷെഡ്

പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കും, മാർച്ച് മാസത്തിൽ തന്നെ നവീകരിച്ച സ്റ്റേഷൻ ജനത്തിന് തുറന്ന് കൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

-അമൻ, എൻജിനീയർ, റെയിൽവെ