sarbath

കോട്ടയം: മുൻപൊക്കെ വേനലിൽ ക്ഷീണമകറ്റാൻ, ഉപ്പിട്ട സോഡാ നാരങ്ങാ വെള്ളം കുടിയ്ക്കുന്നതായിരുന്നു പതിവ്. എന്നാൽ, നാരങ്ങ വെള്ളം ഔട്ടായി. വിവിധ ഫ്‌ളേവറിലുള്ള സർബത്തിനാണ് ഇപ്പോൾ ഡിമാൻഡ്. സോഡാ, പഞ്ചാസാര ലായനി, മുളക്, കസ്‌കസ്, ഉപ്പ്, നാരങ്ങ നീര് എന്നിവയിൽ വിവിധ ഫ്‌ളേവർ കൂടി ചേർത്താണ് ഈ സർബത്ത് ഉണ്ടാക്കുന്നത്. ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് കുലുക്കി സർബത്ത് ആയും ലഭിക്കും.

കുടത്തിൽ സംഭാരം, കരിമ്പിൻ ജ്യൂസ്, ഇളനീർ, തണ്ണിമത്തൻ എന്നിവയ്ക്കും ആളുണ്ട്. എന്നാൽ പുത്തൻ തലമുറ കൂടുതലായി കിവി, ആപ്പിൾ, ഗ്രീൻ ആപ്പിൾ, മുന്തിരി, പേരയ്ക്ക, സ്‌ട്രോബെറി, ബ്ലാക്ക് കുറന്റ്, പൈനാപ്പിൾ, മാംഗോ, ലിച്ചി തുടങ്ങിയവയുടെ കൃത്രിമ ഫ്‌ളേവർ ചേർത്ത സർബത്ത് തേടിയാണ് എത്തുന്നതെന്ന് നഗരത്തിലെ കടക്കാരൻ പറഞ്ഞു. സാധാ നാരങ്ങാ വെള്ളത്തിന് 20 രൂപയെങ്കിൽ, ഫ്‌ളേവർ സർബത്തിന് 40 രൂപ കൊടുക്കണം. കരിമ്പിൻ ജൂസിന് 40രൂപയും ഇളനീരിന് 50 രൂപയുമായി വിലവർദ്ധിപ്പിച്ചു.