കോട്ടയം : നഗരത്തിൽ വിവിധ ഭാഗങ്ങളിൽ ഇന്നലെ വ്യാപക തീപിടിത്തം. രാവിലെ 6.20 ന് താഴത്തങ്ങാടി അഴുപുഴയിൽ ജോസി തോമസിന്റെ വീട്ടിൽ സിബി തോമസിന്റെ ഉടമസ്ഥയിലുള്ള കാർ തീപിടിച്ച് കത്തിനശിച്ചു. ഷെഡിൽ കിടന്നിരുന്ന വാഹനം സ്റ്റാർട്ട് ചെയ്തപ്പോഴാണ് തീ പിടിച്ചത്. 11.45 ന് ഗുഡ്‌ഷെപ്പേർഡ് റോഡിൽ ഡി.സി ബുക്ക്‌സിന് സമീപത്തെ റോഡിൽ മാലിന്യത്തിന് തീപിടിച്ചു. രാത്രി എട്ടോടെ വീണ്ടും ഇതേ സ്ഥലത്ത് മാലിന്യങ്ങൾക്ക് തീപിടിച്ചു. 12.30 ന് ഈരയിൽക്കടവ് - മണിപ്പുഴ ബൈപ്പാസ് റോഡിൽ മാലിന്യങ്ങൾക്കും പുല്ലിനും തീപിടിച്ചു. വൈകിട്ട് 6.30 ഓടെ റോഡരികിലെ പുല്ലിനും കാടുകൾക്കും തീപിടിച്ചു. ഉച്ചക്കഴിഞ്ഞ് 2 ന് ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് റബർ പുരയ്ക്ക് തീപിടിച്ചു. അഗ്നിശമനസേനയുടെ നാല് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. 5.15 ന് വടവാതൂർ ഡംപിംഗ് യാർഡിൽ മാലിന്യങ്ങൾക്കും കാടിനും തീപിടിച്ചു. കോട്ടയം അഗ്നിശമനസേന സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സന്തോഷ് കുമാറിന്റെയും, സ്‌റ്റേഷൻ ഓഫീസറുടെയും നേതൃത്വത്തിലുള്ള സേനാംഗങ്ങൾ എല്ലായിടത്തെയും തീ അണച്ചു.