mg

കോട്ടയം : എം.ജി സർവകലാശാലയിലെ വനിതാ സെക്ഷൻ ഓഫീസറെ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്ത സംഭവത്തിന് പിറകെ വൈവ പരീക്ഷയിലെ കൂട്ടത്തോൽവി പരാതിയിൽ വീണ്ടും വൈവ നടത്താനുള്ള നീക്കം മറ്റൊരു നാണക്കേടാകുന്നു. എം.എ സോഷ്യോളജി വൈവ പരീക്ഷയിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 74 വിദ്യാർത്ഥികളിൽ 50പേരും തോറ്റു. കൂട്ത്തോൽവിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പാരലൽ കോളേജ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ആർ.അശോക് കുമാർ, വൈസ് ചാൻസലർ ഡോ.സാബുതോമസിന് പരാതി നൽകിയിരുന്നു. തോറ്റ 50 വിദ്യാർത്ഥികൾക്കും 35 മാർക്കാണ് കിട്ടിയത്.

കൈക്കൂലി കേസിൽ അറസ്റ്റിലായ എം.ബി.എ വിഭാഗം അസിസ്റ്റന്റ് സി.ജെ.എൽസി മറ്റു രണ്ട് വിദ്യാർത്ഥികളുടെ മാർക്ക് തിരുത്തിയെന്ന ആരോപണം നേരത്തേ ഉയർന്നെങ്കിലും മാർക്ക് ലിസ്റ്റ് നൽകിയില്ല. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് ഉപസമിതി തീരുമാനിച്ചു. രണ്ടു തവണയായി 75000 രൂപ എൽസി വാങ്ങിയതായി ഒരു വിദ്യാർത്ഥി പരാതി നൽകിയിയെങ്കിലും തെളിവുകൾ ഹാജരാക്കാനായില്ല.

കൈക്കൂലി കേസിൽ മറ്റാർക്കും പങ്കില്ല

കൈക്കൂലി കേസിൽ സർവകലാശാലയിൽ മറ്റാർക്കും പങ്കുണ്ടെന്ന് കണ്ടത്താനായില്ല. കൃത്യവിലോപത്തിന് എൽസിയ്ക്ക് പുറമെ എം.ബി.എ വിഭാഗത്തിലെ സെക്ഷൻ ഓഫീസർക്കുമെതിരെയും നടപടിയ്ക്ക് സിൻഡിക്കേറ്റിനോട് ഉപസമിതി ശുപാർശ ചെയ്തു.

ഉപസമിതി ശുപാർശകൾ

പരീക്ഷാ ഫലവും ഡിഗ്രി സർട്ടിഫിക്കറ്റ് വിതരണവും വേഗത്തിലാക്കാൻ പ്രത്യേക ക്യാമ്പ്

ഓരോ സെക്ഷനിലും ജോയിന്റ് രജിസ്ട്രാർമാർ സുതാര്യത ഉറപ്പു വരുത്തണം

വിജിലൻസ് സെൽ ശക്തിപ്പെടുത്തണം, പിഴവുകൾ ഒഴിവാക്കാൻ പുതിയ സോഫ്റ്റവെയർ