വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് വല്ലകം നാനാടം തുടർവിദ്യാകോന്ദ്രങ്ങളിൽ സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംക്ലാസ്, ഹയർ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് ജയിച്ചതും 17 വയസ് പൂർത്തിയായതുമായ വ്യക്തികൾക്ക് പത്താം ക്ലാസ് തുല്യതാ കോഴ്സിനു ചേരാം. 100 രൂപ രജിസ്ട്രേഷൻ ഫീസും 1750 രൂപ കോഴ്സ് ഫീസും അടയ്ക്കണം. 10-ാം ക്ലാസ് വിജയിച്ചതും 22 വയസ് പൂർത്തിയായതുമായവർക്ക് ഹയർ സെക്കന്ററി തുല്യതാ ഒന്നാംവർഷ കോഴ്സിന് അപേക്ഷിക്കാം. രജിസ്ട്രേഷൻ ഫീസ് 300 രൂപയും കോഴ്സ് ഫീസ് 2200 രൂപയുമാണ്. പട്ടികജാതി/പട്ടികവർഗ/ഭിന്നശേഷി പഠിതാക്കൾക്ക് കോഴ്സ് ഫീസ് സൗജന്യമാണ്. ഓൺലൈൻ രജിസ്ട്രേഷന്റെ വിവരങ്ങൾ പഞ്ചായത്ത് തുടർ വിദ്യാകേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുമെന്ന് പ്രേരക് അറിയിച്ചു.