
ഗുരുവായൂരപ്പന്റെ കീർത്തനങ്ങൾ കൂടുതൽ പാടിയിട്ടുള്ള യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന പ്രമേയം കോട്ടയം ശ്രീനാരായണ വനിതാ സമാജം വാർഷിക പൊതുയോഗത്തിൽ പാസാക്കിയതിന്റെ കോപ്പി ഗുരുവായൂർ ദേവസ്വത്തിനും അയച്ചു കൊടുത്തു. യേശുദാസിന്റെ അപേക്ഷ കൂടി വാങ്ങി അയക്കണമെന്ന മറുപടിയാണ് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ് ഇതിന് നൽകിയത്. ചെയർമാന്റെ അവഹേളനം അപകീർത്തികരമായി കണ്ട് അനന്തര നടപടിക്കൊരുങ്ങുകയണ് എസ്.എൻ.വി സമാജം ഭാരവാഹികൾ.
സർക്കാർ നൽകുന്ന യാത്രപ്പടിയും മറ്റ് അലവൻസുകളും വാങ്ങുന്ന ആളാണ് ദേവസ്വം ചെയർമാൻ . രാഷട്രീയ പരിഗണന വെച്ചാണ് ഈ നിയമനവും. ശ്രീനാരായണഗുരുവിന്റെ നാമത്തിലുള്ള ഒരു സ്ഥാപനത്തിൽ നിന്ന് അയക്കുന്ന കത്തിന് ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന വ്യക്തി പരിഹസിച്ചുള്ള മറുപടി നൽകുന്നത് വിവരക്കേടാണ് . ഇതുപോലുള്ള വിവരദോഷികളെ ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കരുതെന്നാണ് പറയാനുള്ളത്.
വായിച്ചു നോക്കിയിട്ട് കളയാം. പ്രമേയത്തിന് മറുപടി കത്തയക്കേണ്ട കാര്യമില്ല . ലറ്റർപാഡിൽ മറുപടി അയയ്ക്കുമ്പോൾ മാന്യത കാണിക്കണം. അത് ദേവസ്വം ചെയർമാന്റെ ഭാഗത്തു നിന്നുണ്ടായില്ല്ല.
മത പരിഗണനകൾക്കതീതമായാണ് യേശുദാസിനെ കേരള സമൂഹം കാണുന്നത്. " ഗുരുവായൂർ അമ്പല നടയിൽ ഒരു ദിവസം ഞാൻ പോകു'മെന്ന സിനിമാ ഗാനം ഇറങ്ങിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു. ഇന്നും യേശുദാസ് ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിക്കു പുറത്താണ് . ശബരിമലയിൽ സ്ത്രികളെ കയറ്റിയിട്ട് നവോത്ഥാന വിപ്ലവമെന്ന് അവകാശപ്പെടുമ്പോഴും എന്തു കൊണ്ട് യേശുദാസിനെപ്പേലെ മറ്റു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന ഒരു മഹാഗായകന് ഗുരുവായൂരിൽ പ്രവേശനം നിഷേധിക്കുന്നുവെന്നു ചോദിക്കേണ്ടത് പൊതു സമൂഹമാണ് .
യേശുദാസിന്റെ ശബ്ദത്തിലുള്ള "ഹരിവരാസനം വിശ്വ മോഹനം ..." റെക്കാഡ് കേട്ടാണ് ശബരിമല ധർമശാസ്താവ് വർഷങ്ങളായി ഉറങ്ങുന്നത് . വർഷങ്ങളായി മൂകാംബികാദേവി സന്നിധിയിലാണ് പിറന്നാൾ ആഘോഷിക്കുന്നത്. സരസ്വതി മണ്ഡപത്തിൽ ഗാനാർച്ചനയും നടത്തും. യേശുദാസിനെ ക്ഷേത്രത്തിൽ കയറ്റിയതിന് അവിടൊന്നും ഒരു ഹിന്ദുവിന്റെയും രക്തം തിളച്ചില്ല .
ഹിന്ദുമതാചാരങ്ങൾ വർഷങ്ങളായി അനുഷ്ടിക്കുന്ന യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ കയറ്റാൻ ദേവസ്വം മന്ത്രിയുടെ ഇടപെടൽ ഉണ്ടാകേണ്ടിയിരിക്കുന്നു.