
കോട്ടയം : ജനങ്ങൾക്ക് ഭീഷണി ഉയർത്തി കൂടുകൂട്ടിയിരിക്കുന്ന തേനീച്ചകളെ പിടിക്കാൻ പരിശീലനം നേടിയവരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
വനംവകുപ്പ് അധികൃതരും ഇക്കാര്യത്തിൽ നിസ്സഹായരാണ്. കടന്നൽ, പെരുന്തേനീച്ച, കൊളവി തുടങ്ങി അപകടകാരികളായ തേനീച്ചകൾ ഉയരം കൂടിയ മരങ്ങളിലും കെട്ടിടങ്ങളുടെ മുകളിലുമാണ് കൂടുകൂട്ടുന്നത്. കുറിച്ചി പൊൻപുഴയിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന കോളനിയ്ക്ക് സമീപം, സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മതിലിൽ മൂന്ന് ദിവസമായി വലിയ തേനീച്ചക്കൂട് സ്ഥിതി ചെയ്യുന്നു. ഇത് മാറ്റുന്നതിനായി വനം വകുപ്പ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും മാറ്റാൻ സ്വകാര്യ ട്രെയിനറെ ബന്ധപ്പെടാനായിരുന്നു നിർദ്ദേശം. ഇവ ഇളകിയാൽ പ്രദേശം മുഴുവൻ വ്യാപകമാകും. പുകശല്യം ഏറിയാലും സ്ഥിതി ഗുരുതരമാകും. കുത്തേൽക്കുന്നത് മരണത്തിനും ഇടയാക്കും. പ്രതിരോധ കുത്തിവയ്പ്പാണ് രക്ഷാമാർഗം.
ആശ്രയം സ്വകാര്യ പരിശീലകർ
അപകടകാരികളായ തേനീച്ചകളുടെ ശല്യം ശ്രദ്ധയിൽപ്പെട്ട് നിരവധിപ്പേർ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്ന് ബന്ധപ്പെടാറുണ്ടെന്ന് വനംവകുപ്പ് പറയുന്നു. എന്നാൽ പാലായിലുള്ള സ്വകാര്യ ട്രെയിനറെ ബന്ധപ്പെടാൻ അറിയിക്കുകയാണ് ചെയ്യുന്നത്. 5000 രൂപ മുതലാണ് ഇവരുടെ സർവീസ് ചാർജ്. കൂടാതെ വാഹനത്തിൽ കൊണ്ടു വരണം.
ഭീഷണിയാകുന്ന കൂടുകൾ
വേനൽക്കാലത്താണ് ഇവ കൂടു കൂട്ടുന്നത്. കറുകച്ചാൽ, നെടുംകുന്നം, ഈരാറ്റുപേട്ട, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാമ്പാടി തുടങ്ങി നിരവധി സ്ഥലങ്ങളിലെ പെരുന്തേനീച്ച കൂടുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നതും കുത്തേൽക്കുന്നതും നിത്യസംഭവമാണ്.
തേനീച്ചകളെ പിടിക്കാൻ വനംവകുപ്പിന്റെ കീഴിൽ പരിശീലനം നൽകുന്നില്ല
(ജില്ലാ വനം വകുപ്പ് ഉദ്യോഗസ്ഥർ)
പഞ്ചായത്തിൽ അപകടഭീഷണി ഉയർത്തി തേനീച്ചക്കൂട് സ്ഥിതി ചെയ്യുന്നുണ്ട്. ഉടമസ്ഥർ ഇതിനെ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നില്ല. പരിശീലനം നേടിയ സ്വകാര്യ വ്യക്തിയെ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് വേണം എത്തിക്കാൻ
(ബി.ആർ മഞ്ജീഷ് കുറിച്ചി പഞ്ചായത്തംഗം)