
മുണ്ടക്കയം ഈസ്റ്റ് : ടി.ആർ ആൻഡ് ടി എസ്റ്റേറ്റിൽ വീണ്ടും പുലിയുടെ സാന്നിദ്ധ്യം. തൊഴുത്തിൽ കെട്ടിയിരുന്ന വലിയപാടം ജോമോന്റെ പശുക്കിടാവിനെ പുലി കടിച്ചുകൊന്നു. പിൻകാലുകളുടെ വശങ്ങൾ കടിച്ചു കീറി വയറിന്റെ ഭാഗത്തെ മാംസങ്ങൾ മുഴുവനും തിന്ന നിലയിലായിരുന്നു. ഉടൻ എസ്റ്റേറ്റ് അധികൃതരെയും വനപാലകരെയും വിവരം അറിയിച്ചു. പ്രാഥമിക പരിശോധനയിൽ പുലിയുടെ ആക്രമണമെന്നാണ് നിഗമനം. ഇതുവരെ 25 ഓളം പശുക്കളെയും, ഇരുപതോളം നായ്ക്കളെയും പുലി കടിച്ചുകൊന്നു. 10 ലയങ്ങളിലായി നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്താണ് പശുവിനെ ചത്ത നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. ഒരാൾ പൊക്കത്തിൽ കാട് വളർന്ന് നിൽക്കുന്ന എസ്റ്റേറ്റിനുള്ളിൽ ഭീതിയോടെയാണ് ടാപ്പിംഗ് ജോലികൾ ചെയ്യുന്നതെന്ന് തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ദിവസം കുപ്പക്കയം ഭാഗത്ത് വേലികെട്ടി കൊണ്ടിരുന്ന തൊഴിലാളികൾ പകൽ സമയം രണ്ട് പുലികളെ കണ്ടിരുന്നു.
പ്രതിഷേധവുമായി നാട്ടുകാർ
വനംവകുപ്പ് വിവിധയിടങ്ങളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൊന്നും പുലി പെട്ടിട്ടില്ല. കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിക്കുന്നുണ്ടെങ്കിലും നടപടിയൊന്നുമായില്ല. കഴിഞ്ഞ ദിവസം പ്രദേശവാസികൾ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചിരുന്നു.