പാലാ: അറുപത് ദിനംകൊണ്ടൊരു ആനക്കൊട്ടിലെന്ന അത്ഭുതം കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവക്ഷേത്രത്തിന്റെ ഐശ്വര്യ മുഖശ്രീയാകുന്നു.

ചരിത്രപ്രസിദ്ധമായ കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിൽ ആനക്കൊട്ടിലിന് തറക്കല്ലിട്ടത് ഡിസംബർ 19നാണ്. ഇന്നലെ 60 ദിവസം പൂർത്തിയായപ്പോൾ മനോഹരമായ ആനക്കൊട്ടിൽ ഉയർന്നുകഴിഞ്ഞു. മുറ്റത്ത് ടൈൽ വിരിക്കുന്ന ജോലികൾക്കൂടി പൂർത്തിയായാൽ ആനക്കൊട്ടിൽ സമർപ്പിക്കും. ശ്രീനാരായണ ഗുരുദേവൻ മീനച്ചിൽ താലൂക്കിലേക്ക് എഴുന്നള്ളുന്നതിനും മൂന്ന് വർഷം മുമ്പ് കൊണ്ടാട്ടിലെ ഭക്തജനങ്ങൾ ചേർന്ന് പടുത്തുയർത്തിയ ഭജനമഠത്തിൽ ശ്രീസുബ്രഹ്മണ്യസ്വാമിയെ കുടിയിരുത്തിയത് ശ്രീനരസിംഹസ്വാമികളാണ്. 1928ലാണ് രാമപുരത്ത് എസ്.എൻ.ഡി.പി ശാഖ തുടങ്ങുന്നത്. അതിന് മുമ്പേ ഇവിടെയൊരു ക്ഷേത്രസങ്കേതം ഉയർന്നുവെന്നത് കൊണ്ടാട്ടിലും പരിസരപ്രദേശത്തുമുള്ള ശ്രീനാരായണ സമൂഹത്തിന്റെ ഉയർത്തെണീൽപ്പിന്റെ പ്രതിഷ്ഠയായിരുന്നു.

ആദ്യകാലത്തെ ഈ ഭജനമഠം ഉൾക്കൊള്ളുന്ന രാമപുരം എസ്.എൻ.ഡി.പി ശാഖയുടെ സ്ഥാപക പ്രസിഡന്റ് വണ്ടന്നൂർ ഇട്ടിപ്പണിക്കരും സ്ഥാപക സെക്രട്ടറി 'ചന്ദ്രികാ ' സോപ്പിലൂടെ പ്രശസ്തനായ കേശവൻ വൈദ്യരുമായിരുന്നു. തുടർന്ന് ഇവിടെ ശ്രീനാരായണ ഗുരുദേവന്റെ ക്ഷേത്രവും പണികഴിപ്പിച്ചു.

കഴിഞ്ഞ മൂന്ന് വർഷംകൊണ്ട് ഏറെ ഭൗതിക പുരോഗതിയിലായി ക്ഷേത്രസങ്കേതം. പുതുതായി ബലിക്കൽപുര, ശ്രകോവിലിനുചുറ്റും കരിങ്കൽപാളി വിരിക്കൽ, പുതിയ അന്നദാന മണ്ഡപം. ഓരോ വർഷവും ഉയർച്ചയുടെ പടികളേറുകയാണ് ക്ഷേത്രസന്നിധി.

ഇത്തവണ ഇവിടെ ആനക്കൊട്ടിൽ പണിത് നൽകാമെന്ന് വാഗ്ദാനവുമായി എത്തിയത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന റിട്ട.എ.ഇ.ഒ. പെരുമ്പ്രായിൽ പി.ആർ നാരായണനും കുടുംബവുമാണ്. ''എന്റെയും കുടുംബത്തിന്റേയും എല്ലാവിധ ഉയർച്ചയ്ക്കും മന:സന്തോഷത്തിനും കാരണം കൊണ്ടാട്ടിൽ വാഴുന്ന സുബ്രഹ്മണ്യസ്വാമിയും ശ്രീനാരായണ ഗുരുദേവനുമാണ്. ആ കടപ്പാട് എനിക്കും കുടുംബത്തിനും ഒരിക്കലും മറക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് ഇനി വരുന്ന തലമുറകളിലെ മുഴുവൻ ഭക്തജനങ്ങൾക്കും വേണ്ടി ആനക്കൊട്ടിൽ പണിത് സമർപ്പിക്കുന്നത്'' ക്ഷേത്രനടയിൽ ഭാര്യ റിട്ട.അദ്ധ്യാപിക കെ.എൻ. രത്‌നമ്മ ടീച്ചറിനോടൊപ്പം തൊഴുതുനിന്ന് ഇത് പറയുമ്പോൾ റിട്ട.എ.ഇ.ഒ നാരായണന്റെ മിഴികളിൽ സന്തോഷാശ്രുക്കൾ.

മക്കളായ ഡോ.എൻ.പി. അരുൺ എം.ഡി., എൻജിനീയർ എൻ.പി. അനൂപ്, മരുമക്കളായ ഡോ. രഹ്ന അരുൺ എം.ഡി., എൻജിനീയർ അപർണ അനൂപ്, കൊച്ചുമക്കളായ അദ്വൈത് പി. അരുൺ, വേദ പി. അരുൺ, നേഹ പി. അനൂപ് എന്നിവരൊത്തുചേർന്ന് തിരുനടയിൽ പ്രാർത്ഥിച്ച ശേഷമാണ് ആനക്കൊട്ടിലിന് ശിലയിട്ടത്. എട്ടര ലക്ഷത്തോളം രൂപ മുടക്കിയാണ് ആനക്കൊട്ടിൽ പണിതുയർത്തുന്നത്.

മാർച്ച് 9ന് ഉത്സവകൊടിയേറ്റ് നാളിൽ രാത്രി 7ന് ആനക്കൊട്ടിൽ സമർപ്പണം നടത്തുമെന്ന് രാമപുരം ശാഖാ നേതാക്കളായ പി.ആർ സുകുമാരൻ പെരുബ്രായിൽ, സുധാകരൻ വാളിപ്ലാക്കൽ, സന്തോഷ് കിഴക്കേക്കര എന്നിവർ പറഞ്ഞു.