പാലാ: 'ഓപ്പറേഷൻ വീലി'യുടെ ആദ്യദിനത്തിൽ 118 ഇരുചക്രവാഹനങ്ങൾക്കെതിരെ പാലാ പൊലീസ് കേസെടുത്തു. പാലാ നഗരത്തിലും പരിസരപ്രദേശങ്ങളിലും ന്യൂജനറേഷൻ ബൈക്കുമായി അഭ്യാസത്തിനിറങ്ങുന്ന കൗമാരക്കാരെയും യുവാക്കളെയും പിടികൂടി കർശന നിയമനടപടി സ്വീകരിക്കുന്നതിനായി പാലാ പൊലീസ് ആവിഷ്‌കരിച്ച 'ഓപ്പറേഷൻ വീലി' യുടെ ആദ്യദിനത്തിൽ ആകെ 252 ഇരുചക്ര വാഹനങ്ങളാണ് പൊലീസ് വിശദമായി പരിശോധിച്ചത്. അഞ്ച് പഞ്ചായത്ത് പരിധിയിലും പാലാ മുനിസിപ്പാലിറ്റി പരിധിയിലുമായിരുന്നു പരിശോധന. 118 പേർക്കെതിരെ കേസെടുത്തതിൽ 90 പേർ പിഴയടച്ചു. ഒരു രേഖയുമില്ലാത്ത ഒരു ബൈക്ക് പൊലീസ് പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. അമിതവേഗതയിൽ വാഹനമോടിച്ച 5 പേർക്കെതിരെയും ഹെൽമറ്റില്ലാതെ വന്ന 12 പേർക്കെതിരെയുമാണ് പെറ്റിക്കേസെടുത്തത്. പാലാ സി.ഐ കെ.പി ടോംസന്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ വീലിയിൽ പാലാ ട്രാഫിക് എസ്.ഐ. ജോർജ്ജ് ജോസഫ്, സ്റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ. എം.ഡി. അഭിലാഷ് എന്നിവർ പങ്കെടുത്തു.

37 അപകടങ്ങൾ

2022 ജനുവരി 1 മുതൽ ഫെബ്രുവരി 19 വരെ പാലാ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 37 വാഹനാപകടങ്ങളാണ് ഉണ്ടായത്. 4 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അപകടത്തിൽപെട്ട 37 വാഹനാപകടങ്ങളിൽ 34 എണ്ണവും ഇരുചക്രവാഹനങ്ങളായിരുന്നു. 22 പേർക്ക് പരിക്കേറ്റു. ഈ സാഹചര്യത്തിൽ പാലാ ഡിവൈ.എസ്.പി.യുടെ നിർദ്ദേശപ്രകാരമാണ് ഓപ്പറേഷൻ വീലിയെന്ന പദ്ധതി തയാറാക്കിയത്. വരുംദിവസങ്ങളിലും ഇരുചക്രവാഹന പരിശോധന തുടരുമെന്ന് പാലാ സി.ഐ. കെ.പി. ടോംസൺ അഭ്യർത്ഥിച്ചു.