
കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി കോരുത്തോട് മടുക്ക പുളിമൂട് ബിജീഷ് (24 ) ബംഗളൂരുവിൽ കഴിഞ്ഞത് ബസ് ക്ളീനറായി. മൂന്നു മാസത്തിനൊടുവിൽ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത ബിജീഷിനെ റിമാൻഡ് ചെയ്തു. മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജില്ലാ ജയിലിൽ റിമാൻഡിലായിരുന്ന ബിജീഷ് വയറുവേദനയ്ക്ക് ചികിൽസ തേടി നവംബർ 24ന് ആശുപത്രിയിലെത്തിയപ്പോൾ പൊലീസുകാരെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
 രണ്ടായിരം രൂപയുമായി ബംഗളുരൂവിൽ
രക്ഷപ്പെട്ട ബിജീഷ് ആദ്യം കിട്ടിയ ഓട്ടോറിക്ഷയിൽ നേരെ പോയത് ചേർത്തലയ്ക്കാണ്. അവിടെ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് കിട്ടാനുള്ള 2000 രൂപയും ആധാർ കാർഡും വാങ്ങി ചരക്ക് ലോറിയിൽ കയറി ബംഗളുരുവിലെത്തി അന്തർ സംസ്ഥാന ബസ് സർവീസ് സ്ഥാപനത്തിൽ ജോലിക്ക് കയറുകയായിരുന്നു. മുൻപും ബസിൽ ക്ളീനറായി ജോലി ചെയ്തിട്ടുണ്ട് ബിജീഷ്. ആധാർ കാർഡും പിന്നീട് ഇയാളെടുത്ത സിം നമ്പരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ബംഗളുരു-ഹൈദരാബാദ്- മുംബയ് റൂട്ടുകളിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. മൂന്നാഴ്ചയോളമായി ബംഗളുരുവിൽ നിരീക്ഷണത്തിലായിരുന്നു പ്രതി. തുടർന്ന് എസ്.ഐ ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ ബൈജു, ശ്യാം എസ്.നായർ, വിഷ്ണു വിജയദാസ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ജനറൽ ആശുപത്രിയിൽ തെളിവെടുപ്പിന് ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.