
കോട്ടയം: കത്തിക്കരിയുന്ന വേനലിൽ കുടിവെള്ള സ്രോതസുകൾ വറ്റിവരളുമ്പോൾ അവസരം മുതലെടുത്ത് അന്യസംസ്ഥാന കുഴൽക്കിണർ ലോബി. ആശാസ്ത്രീയമായ കുഴൽക്കിണർ നിർമാണത്തിന് ഉദ്യോഗസ്ഥരുടേയും മൗനാനുവാദമുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭൂഗർഭ ജല വകുപ്പിന്റെ പുനരുദ്ധാരണത്തിനും പുതിയ മെഷിനറികൾ വാങ്ങുന്നതിനുമായി അനുവദിച്ച തുക മുഴുവൻ ലാപ്സായി. അന്യസംസ്ഥാന ലോബിക്ക് കടന്നുവരാൻ ചില ഉദ്യോഗസ്ഥരാണ് പണം നഷ്ടപ്പെടുത്തിയതെന്ന ആക്ഷേപം ഉയർന്നെങ്കിലും നടപടിയുണ്ടായില്ല. ശാസ്ത്രീയമായി സ്ഥാനം കാണാതെയും നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കാറ്റിൽപറത്തിയുമാണ് അന്യസംസ്ഥാന ലോബിയുടെ കുഴൽക്കിണർ നിർമാണം. ജിയോളജിസ്റ്റുകൾ സ്ഥാനം കണ്ടതിനു ശേഷമാണ് ഭൂഗർഭ ജല വകുപ്പ് കുഴൽ കിണർകുത്തുന്നത്. അന്യസംസ്ഥാന ലോബി സ്ഥാനം കാണാതെയും. ഭൂഗർഭ പാറകളിൽനിന്ന് മാത്രമേ വെള്ളം എടുക്കാവൂയെന്ന ചട്ടം കാറ്റിൽപ്പറത്തുകയാണവർ. ഇത് ഭാവിയിൽ കുടിവെള്ള സ്രോതസ് ഇല്ലാതാക്കും. ഭൂഗർഭ ജലവകുപ്പിനെ സമീപിച്ചാൽ ഉടനെയെങ്ങും കിണർകുഴി നടക്കില്ലെന്നതാണ് അന്യസംസ്ഥാന ലോബിക്ക് തലവയ്ക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.
 നിയമം 310 അടിമാത്രം
നിയമപ്രകാരം 310 അടി വരെ മാത്രമേ കുഴൽക്കിണറിനായി താഴ്ത്താവൂ. എന്നാൽ, അന്യസംസ്ഥാന ലോബി 1000 അടി വരെയും താഴ്ത്തും. വലിയ തോതിൽ ജലം ലഭിക്കുന്നതിനാൽ ആളുകളും അന്യസംസ്ഥാന ലോബിക്ക് കീഴ്‌പ്പെട്ടിരിക്കുകയാണ്. രജിസ്ട്രേഷനില്ലാത്ത അമ്പതോളം കമ്പനികളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഉദ്യോഗസ്ഥരാകട്ടെ ഇതിനെതിരെ നടപടിയെടുക്കുന്നുമില്ല.
പലതുണ്ട് കാരണങ്ങൾ
 ഭൂഗർഭ ജലവകുപ്പിനെ സമീപിച്ചാൽ ഒരു വർഷമെങ്കിലും കാത്തിരിക്കണം
 നിശ്ചിത ആഴത്തിൽ വെള്ളം കണ്ടില്ലെങ്കിൽ മുടക്കിയ പണം വെറുതേയാകും
 ഭൂഗർഭ ജലവകുപ്പിന് കുഴൽകിണർ നിർമ്മിക്കാൻ ആധുനിക ഉപകരണങ്ങളില്ല
 സബ്സിഡിയുണ്ട്
30 സെന്റ് മുതൽ അഞ്ച് ഏക്കർവരെയുള്ള കർഷകർക്ക് കൃഷി ഓഫീസിൽനിന്ന് ചെറുകിട നാമമാത്ര കർഷകർ എന്ന സർട്ടിഫിക്കറ്റ് നൽകിയാൽ 50 ശതമാനം സബ്‌സിഡി ലഭിക്കും. ഇനി കിണർകുത്തി വെള്ളം ലഭിച്ചില്ലെങ്കിൽ റീഫണ്ടും ലഭിക്കും. എന്നാൽ, കാലതാമസം കാരണം പലരും ഇതു സ്വീകരിക്കാറില്ല.