
പാലാ : വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് വീണ്ടും വിവാഹം കഴിച്ച ശേഷം യുവതിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്ത പാലാ പോണാട് കരിങ്ങാട്ട് രാജേഷിനെ (49) പാലാ സി.ഐ. കെ.പി ടോംസൺ അറസ്റ്റ് ചെയ്തു. വിദേശത്ത് ജോലി വാഗ്ദാനം ചെയത്് നിരവധി പേരെ വഞ്ചിച്ചതിന് ഇയാൾക്കെതിരെ കാസർകോഡ്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂർ സ്വദേശിയായ രാജേഷ് 2007 കാലഘട്ടത്തിൽ കണ്ണൂർ, കാസർകോഡ് ജില്ലകളിൽ തട്ടിപ്പു നടത്തി ഭാര്യയുമൊത്ത് എറണാകുളത്തേക്ക് താമസം മാറ്റി. അവിടെയും തട്ടിപ്പുകൾ തുടരുകയും 2012 ൽ പാലായിൽ താമസം ആരംഭിക്കുകയുമായിരുന്നു. കരൂരിൽ ചിട്ടി കമ്പനി നടത്തിയിരുന്ന ഇയാളുടെ സ്ഥാപനത്തിൽ ജോലിക്കെത്തിയ പൈക സ്വദേശിനിയായ വിധവയെ തെറ്റിദ്ധരിപ്പിച്ച് രജിസ്റ്റർ വിവാഹം ചെയ്തു. ഇവർക്കൊപ്പം കടയം കുറ്റില്ലത്തെ വാടകവീട്ടിൽ താമസം ആരംഭിക്കുകയും ചെയ്തു.
ഇതിനിടെയാണ് യുവതിയുടെ അമ്മയുടെ പേരിലുള്ള സ്ഥലം പണയപ്പെടു
ത്തി 20 ലക്ഷം രൂപ തട്ടിയെടുത്തത്. ഇതിനുശേഷം ആദ്യ ഭാര്യയോടും 18 വയസ്സുള്ള മകളോടുമൊപ്പം പാലായിൽ വാടക വീട്ടിലേക്ക് താമസം മാറ്റി. വഞ്ചിക്കപ്പെട്ടതറിഞ്ഞ് രണ്ടാം ഭാര്യ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ കൂവപ്പള്ളിയിലുള്ള ഒളിസങ്കേതത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. നിരവധി ആളുകളിൽ നിന്നും വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. 2017 ൽ വിദേശജോലി വാഗ്ദാനം ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്തതിന് ഇയാൾക്കെതിരെ പാലാ, കുറവിലങ്ങാട് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.