വൈക്കം : വൈക്കം നഗരസഭ വളപ്പിൽ കൃഷി ഭവന്റെ സഹകരണത്തോടെ ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി നടത്തിയ ജൈവ പച്ചക്കറി കൃഷിയിൽ നൂറു മേനി വിളവ്. വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് നിർവഹിച്ചു. നഗരസഭയിലെ ജീവനക്കാരനായ വിജയൻ അതിരേഴത്താണ് ജൈവ വളങ്ങൾ മാത്രം നൽകി കൃഷി പരിപാലനം നടത്തിയത്. നഗരസഭ വളപ്പിൽ നിന്ന് വിളവെടുത്ത വഴുതന, തക്കാളി, വെണ്ട, ചീര, പയർ, പടവലം, കുമ്പളം, കുക്കുമ്പർ ,മുളക് തുടങ്ങിയ നഗരസഭ അധികൃതർ വൈക്കം തെക്കേനട തോട്ടുവക്കത്ത് സ്‌നേഹ ഗിരി മിഷണറീസ് സിസ്റ്റേഴ്‌സ് നടത്തുന്ന അമലാഭവനിലെ അന്തേവാസികൾക്ക് ഭക്ഷണമൊരുക്കാൻ നൽകി. അമലാഭവനിലെത്തിയ ചെയർപേഴ്‌സൺ രേണുക രതീഷ് , വൈസ് ചെയർമാൻ പി.ടി.സുഭാഷ്, നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സിന്ധു സജീവൻ , കൃഷി ഓഫീസർ ഷീലാ റാണി,നഗരസഭ കൗൺസിലർ രാജശ്രീ തുടങ്ങിയവർ ചേർന്ന് അമലഭവനിലെ മദർ പ്രഭാത്, സിസ്റ്റർ ജോവാൻ, സിസ്റ്റർ സെൽമ എന്നിവർക്ക് കൈമാറി. കൗൺസിലർമാരായ എസ്. ഇന്ദിരാദേവി, ലേഖശ്രീകുമാർ, മോഹനകുമാരി ,രാധികാശ്യാം, എ.സി മണിയമ്മ, കവിതാ രാജേഷ്, അയ്യപ്പൻ, അശോകൻ വെള്ളവേലി, ആർ.സന്തോഷ്, നഗരസഭ കൃഷി ഭവൻ കൃഷി അസിസ്റ്റന്റ് മെയ്‌സൺമുരളി, ആരോമൽ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.