
കോട്ടയം: കപ്പ കർഷകർക്ക് ആശ്വാസമായി കപ്പവിലയിൽ കുതിപ്പ്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കപ്പ വിലയിൽ ഇത്രയും വർദ്ധന ഉണ്ടാകുന്നത്. കൊവിഡും ലോക്ക് ഡൗണും മൂലം കപ്പയുടെ വില ഏഴു രൂപവരെ താഴ്ന്നിരുന്നു. നിലവിൽ വില 20 രൂപ വരെയായി. ഉദ്പാദനത്തിൽ ഉണ്ടായ കുറവാണ് വില വർദ്ധനവിന് കാരണം. കരനില കപ്പയേക്കാൾ കണ്ടംകൃഷി കപ്പയ്ക്കാണ് ഡിമാൻഡ്. ജലാംശവും രുചിയും കൂടുതൽ കണ്ടംകൃഷികപ്പയ്ക്കാണ്.
കപ്പ വിലയിൽ തുടർച്ചയായി ഇടിവ് നേരിട്ടതോടെ കർഷകർ കപ്പ കൃഷിയിൽ നിന്നും പിൻവാങ്ങിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് വിലയിടഞ്ഞതോടെ കപ്പ സി.എഫ്.എൽ.ടി.സി സെന്ററുകളിലേയ്ക്കും മറ്റും സൗജന്യമായി നൽകുകയായിരുന്നു .
കപ്പതണ്ടിന് ക്ഷാമം,
പോയ വർഷങ്ങളിൽ നഷ്ടം വന്നതിനാൽ കപ്പ കൃഷിയിൽ നിന്ന് കർഷകർ വ്യാപകമായി പിൻവാങ്ങിയതോടെ, കപ്പ തണ്ടിനും ക്ഷാമമായി. ഇത് ഇനിയുള്ള കൃഷിയിറക്കിനെ ബാധിക്കും. കപ്പ കൃഷിയിലേക്ക് തിരികെ കൊണ്ടുവരാൻ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഗുണനിലവാരമുള്ള തണ്ടുകൾ സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യമാണ് കർഷകർ ഉയർത്തുന്നത്.
.....................
ഒരു കിലോ കപ്പ
വില 20 രൂപ
.............................
'കപ്പ വിലയിൽ വർദ്ധന ഉണ്ടായതോടെ കർഷകർ പ്രതീക്ഷയിലാണ്. വരുംദിവസങ്ങളിൽ 25,30 രൂപയിലേക്ക് വില എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- ബേബി ജോസഫ്, കപ്പ കർഷകൻ