അടിമാലി: അടിമാലി ടൗണിൽ കഴിഞ്ഞ രണ്ട് മാസങ്ങളായി തുടർച്ചയായി വൈദ്യുതി തടസപ്പെടുന്നു. എല്ലാ ഞായറാഴ്ചകളിലും രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വാട്‌സ് ആപ്പിൽ അറിയിപ്പ് നൽകി ടൗൺ ഫീഡർ ഓഫ് ചെയ്ത് അറ്റകുറ്റ പണികൾ നടത്തുകയാണ്. ഇതോടെ ഞായറാഴ്ചകളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെയും ആശുപത്രി, ലാബുകൾ എന്നിവയുടെയും പ്രവർത്തനങ്ങൾ തടസപ്പെടുന്ന സ്ഥിതിയാണ്. മറ്റ് ദിവസങ്ങളിലും വൈദ്യുതി തടസം ഉണ്ടാകാറുണ്ട്. എന്നാൽ അടിമാലി ടൗണിലെ എല്ലാ ഭാഗത്തേയ്ക്കുമുള്ള ലൈനുകളും ഓഫ് ചെയ്യാതെ അറ്റകുറ്റപണികൾ നടത്താൻ കഴിയുന്ന തരത്തിലാണ് അടിമാലിയിലെ കെ.എസ്.ഇ.ബിയുടെ പ്രസരണ ശൃംഖല. ചെങ്കുളം, പന്നിയാർ, പള്ളിവാസൽ, നേര്യമംഗലം എന്നീ നാല് പവർ ഹൗസുകളിൽ നിന്നുള്ള ഫീഡർ സപ്ലൈ അടിമാലി ടൗണിലുണ്ട്. കൂടാതെ അടിമാലി 110 കെ.വി സബ് സ്റ്റേഷനിൽ നിന്ന് അടിമാലി ടൗണിലേയ്ക്ക് വൈദ്യുതി എത്തുന്നുണ്ട്. അതിനാൽ അടിമാലി ടൗണിൽ ഏതെങ്കിലും ഭാഗത്ത് അറ്റകുറ്റ പണികളുണ്ടായാൽ അടിമാലി ടൗണിലെ മൊത്തം വൈദ്യുത ബന്ധം വിച്ഛേദിക്കാതെ നടത്താനാകും. കൂടാതെ അറ്റകുറ്റ പണികൾ നടത്തുന്ന ഭാഗത്തെ എ.ബി സ്വിച്ച് ഓഫ് ചെയ്തും അറ്റകുറ്റ പണികൾ നടത്താം. എന്നാൽ കെ.എസ്.ഇ.ബി ജീവനക്കാരുടെ സൗകര്യം മാത്രം പരിഗണിച്ച് ടൗണിലെ മൊത്തം വൈദ്യുത ബന്ധം വിച്ഛേദിച്ചു കൊണ്ടുള്ള അറ്റകുറ്റ പണികൾ നിറുത്തി വെയ്ക്കണമെന്ന ആവശ്യം ശക്തമാണ്.