കോട്ടയം: ചൂടിന് കാഠിന്യമേറി. ജില്ലയിൽ തീപിടിത്ത സംഭവങ്ങൾ വർദ്ധിച്ചതോടെ വിശ്രമമില്ലാതെ അഗ്നിശമനസേനയും. റബർ തോട്ടങ്ങൾ, പുകപ്പുരകൾ, പാടശേഖരങ്ങൾ ഉൾപ്പെടെ പല സ്ഥലങ്ങളിലും തീപിടിത്തം പതിവായി. ആളപായങ്ങൾ ഇല്ലെങ്കിലും നഷ്ടങ്ങൾ നിരവധിയാണെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥർ പറയുന്നു.
വിശ്രമമില്ലാതെ, കോളുകൾ,
സ്റ്റേഷൻ പരിധിയിൽ പലയിടങ്ങളിൽ നിന്നായി ദിവസേന നിരവധി കോളുകളാണ് എത്തുന്നത്. 101 ഡയൽ ചെയ്യുന്ന ഓരോ സാധാരണക്കാരനും ഒരു വിശ്വാസമുണ്ട്, ഏത് ആപത്തിലും രക്ഷിക്കാൻ ഫയർഫോഴ്‌സുകാർ എത്തുമെന്ന വിശ്വാസം, അതിനാൽ, തീപിടിത്തം മാത്രമല്ല എന്ത് അപകടമുണ്ടായാലും സേനയെയാണ് ആദ്യം വിളിക്കുന്നത്. തീപിടിത്ത സംഭവങ്ങളിൽ പലപ്പോഴും രക്ഷാപ്രവർത്തനം വെല്ലുവിളി നിറഞ്ഞതാണെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ പറയുന്നു. ഇടുങ്ങിയ വഴികളിലും ചതുപ്പ് നിലങ്ങളിലും,, ഉയർന്ന പ്രദേശങ്ങളിലും തീ അണയ്ക്കാനുള്ള യൂണിറ്റ് എത്താൻ ഏറെ പ്രയാസകരമാണ്. മരക്കൊമ്പുകളും ചില്ലകളും ഉപയോഗിച്ച് തീ തല്ലിക്കെടുത്തുക, സമീപത്തെ ജലാശയങ്ങളിൽ നിന്നും മോട്ടോർ ഉപയോഗിച്ച് തീയണയ്ക്കുക എന്നിവയിലൂടെയാണ് പ്രശ്‌നം പരിഹരിക്കുന്നത്. ചെളിനിറഞ്ഞ പ്രദേശങ്ങളിൽ ഈ മാർഗം സാധ്യമാകാതെ വരുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളിൽ നാട്ടുകാരുടെ സഹായം തേടും.
വ്യാജസന്ദേശങ്ങളിൽ വലഞ്ഞ്
അഗ്‌നിശമനസേനയിൽ വ്യാജസന്ദേശം വിളിച്ച് അറിയിക്കുന്നത് ചിലരുടെ വിനോദമാണ്.ഉദ്യോഗസ്ഥരുടെ പരക്കംപാച്ചിൽ കണ്ട് സന്തോഷിക്കുന്നവരാണ് ചില വ്യാജന്മാർ. മനപൂർവം തീകത്തിക്കുന്നവരുമുണ്ട്.
സന്ദേശം ലഭിച്ചാൽ ഉടൻ തന്നെ, എല്ലായിടത്തും എത്തി വേണ്ട രക്ഷാപ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നുണ്ട്. ഒരുദിവസം നിരവധി കോളുകൾ എത്താറുണ്ട്. ( പി.എൻ അജിത്ത് കുമാർ കോട്ടയം അഗ്നിശമനസേന ഉദ്യോഗസ്ഥൻ )