ചിറക്കടവ്: കൃഷി ആവശ്യത്തിനായി വ്യക്തിയുടെ പുരയിടത്തിൽ നിർമ്മിച്ച കുളത്തിൽ നിന്ന് വില്പനയ്ക്കായി വൻതോതിൽ വെള്ളമെടുക്കുന്നതിനാൽ പ്രദേശത്തെ ജലസ്രോതസുകൾ വറ്റുന്നതായി പരാതി. ചിറക്കടവ് അമ്പലത്തിന് തെക്കുവശത്ത് വയലിൽ കൃഷിവകുപ്പിന്റെ ആനുകൂല്യത്തോടെ നിർമ്മിച്ച കുളത്തിൽ നിന്ന് പ്രതിദിനം 10 ടാങ്കർ വെള്ളം വരെ വില്പന നടത്തുന്നതായാണ് പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകിയത്.
അനിയന്ത്രിതമായ ജലമൂറ്റൽ മൂലം പരിസരത്തെ കിണറുകളിലെല്ലാം ജലനിരപ്പ് താഴ്ന്നു. പ്രദേശത്ത് ജലക്ഷാമം രൂക്ഷമായെന്ന് നാട്ടുകാർ പറഞ്ഞു. ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണബോർഡ്, ഭൂജലവകുപ്പ്, ജലഅതോറിറ്റി തുടങ്ങിയ വകുപ്പുകളുടെയൊന്നും അനുമതിയോ ശാസ്ത്രീയ പരിശോധനയോ ഇല്ലാതെയാണ് കുടിവെള്ള വില്പന. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെൽ, റവന്യൂ അധികൃതർ, ജില്ലാകളക്ടർ, പഞ്ചായത്ത്, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി.എന്നിവർക്കെല്ലാം പരാതി നൽകിയിരിക്കുകയാണ് പ്രദേശവാസികൾ.