പാലാ: ഉള്ളനാട് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ കായകൽപ്പം കമാൻഡേഷൻ അവാർഡ്. സർക്കാർ സ്ഥാപനങ്ങളിലെ ശുചിത്വപരിപാലനം അണുബാധാ നിയന്ത്രണം, പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രോത്സാഹിക്കുന്നതിനുവേണ്ടി ആവിഷ്‌ക്കരിച്ച അവാർഡാണ് ഉള്ളനാട് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് ലഭിച്ചത്. ജില്ലയിൽ ഇത്തവണ കമാൻഡേഷൻ അവാർഡ് ലഭിച്ച ഏക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററാണ് ഉള്ളനാട്.ഒരു ലക്ഷം രൂപയാണ് അവാർഡ് തുക. ളാലം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആതുരാലയം ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന്റെയും ളാലം ബ്ലോക്ക് പഞ്ചായത്തിന്റെയും പിന്തുണയോടെ മികച്ച സേവനമാണ് നടത്തുന്നത്. ആതുരസേവനത്തിനൊപ്പം കൃഷിവകുപ്പുമായി സഹകരിച്ചും പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. മഴവെള്ള സംഭരണത്തിനായി ഇരുപതിനായിരം ലിറ്റർ മഴവെള്ള സംഭരണി, പടുതാക്കുളം എന്നിവ കോട്ടയം ജില്ലയിൽ ഉള്ളനാട് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ജീവനക്കാരുടെ അർപ്പണ മനോഭാവത്തിന്റെയും കഠിന പ്രയത്‌നത്തിന്റെയും ഫലമാണ് അവാർഡ് എന്ന് മെഡിക്കൽ ഓഫീസർ ഡോ. ജെയ്‌സി .എം. കട്ടപ്പുറം പറയുന്നു. നഴ്‌സിംഗ് വിഭാഗം ഓഫീസർ സിന്ധു പി, നാരായണൻ, പൊതുജന ആരോഗ്യ വിഭാഗം ഹെൽത്ത് സൂപ്പർ വൈസർ സോജൻ വർഗീസ്, ലേഡി ഹെൽത്ത് സൂപ്പർവൈസർ സോളി സെബാസ്റ്റ്യൻ എന്നിവരുടെ പ്രവർത്തനം പുരസ്ക്കാരത്തിൽ നിർണായകമായി.