മുണ്ടക്കയം ഈസ്റ്റ്: ടി.ആർ ആൻഡ് ടി എസ്റ്റേറ്റിലും പരിസരപ്രദേശത്തും ഭീതിപരത്തുന്ന പുലിയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. എസ്റ്റേറ്റിലെ ഇ.ടി.കെ ഡിവിഷനിലാണ് കൂട് സ്ഥാപിച്ചത്. പ്രദേശവാസിയായ വലിയപാടം ജോമോന്റെ പശുക്കിടാവിനെ ശനിയാഴ്ച പുലർച്ചെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. പശുക്കിടാവിനെ കൊന്നത് പുലി തന്നെയെന്ന് സ്ഥിരീകരിച്ചതോടെയാണ് കൂടൊരുക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. ശരീരത്തിന്റെ പാതിഭാഗം കടിച്ചുകീറി ഭക്ഷിച്ച നിലയിലായിരുന്നു. വെറ്ററിനറി ഡോക്ടർമാരായ അനുമോദ്, ആർ.അനുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ചത്ത പശുവിനെ പരിശോധിച്ചിരുന്നു. ഇതോടെയാണ് പുലിയുടെ ആക്രമണം സ്ഥിരീകരിച്ചത്. ഇതിനിടെ പുലിയെത്തി പശുക്കിടാവിന്റെ ശരീരഭാഗങ്ങൾ വീണ്ടും കടിച്ചുകീറുകയും ചെയ്തു.
കൂട് എത്തിച്ച് തേക്കടിയിൽ നിന്ന്
വനംവകുപ്പ് തേക്കടിയിൽ നിന്നും എത്തിച്ച കൂടാണ് പുലിയെ പിടികൂടാൻ സ്ഥാപിച്ചിരിക്കുന്നത്. ചത്ത പശുക്കിടാവിനെയും കൂട്ടിലിട്ടിട്ടുണ്ട്. പുലി കയറിയാൽ താനേ അടയുന്ന വലിയ കൂടാണ് സ്ഥാപിച്ചത്.