രാമപുരം: എസ്.ഐ മഫ്തിയിൽ കുട്ടികൾക്കൊപ്പം നടക്കാനിറങ്ങി; ഒടുവിൽ പൂവലാൻമാർ ഓടിയൊളിച്ചു. രാമപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ റോഡിലൂടെ നടന്നുപോകുമ്പോൾ ബൈക്കിലും മറ്റും എത്തുന്ന പൂവാലൻമാർ ഇവരെ ശല്യപ്പെടുത്തുന്നതായി പരാതി ഉയർന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ വഴിയിൽ വിദ്യാർത്ഥിനികളെ അശ്ലീലം കാണിച്ചത് ഉൾപ്പെടെ സംഭവങ്ങളുമുണ്ടായി. ഇക്കാര്യം സ്‌കൂൾ അധികൃതർ രാമപുരം പൊലീസിനെ അറിയിച്ചിരുന്നു. രാമപുരം എസ്.ഐ. പി.എസ്. അരുൺകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനെ തുടർന്ന് ചില ബൈക്ക് നമ്പറുകളും മറ്റും ലഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾക്കൂടി പരിശോധിച്ച് കുറ്റവാളികളെ പിടികൂടി പോക്‌സോ കേസിൽ ഉൾപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. പെൺകുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും നടന്നുപോകുന്ന സന്ദർഭത്തിലാണ് പൂവാലശല്യം ഏറിയിരിക്കുന്നതെന്ന് വ്യക്തമായതോടെ എസ്.ഐ. അരുൺകുമാർ പൊലീസ് യൂണിഫോം അഴിച്ചുവെച്ച് മഫ്തിയിൽ കുട്ടികൾക്കൊപ്പം അവരറിയാതെ നടക്കാൻ തുടങ്ങി. കഴിഞ്ഞ മൂന്ന് ദിവസവും രാവിലെയും വൈകിട്ടും സ്‌കൂൾ കുട്ടികൾ പോകുന്ന സമയത്ത് ഒന്നര കിലോമീറ്ററോളം ദൂരം എസ്.ഐ കുട്ടികൾക്കൊപ്പം റോഡിലൂടെ നടന്നു. എസ്.ഐയാണ് നടക്കുന്നതെന്ന് വഴിയാത്രക്കാർക്ക് പോലും മനസിലായതുമില്ല

സംരക്ഷണമൊരുക്കി ഒപ്പമുണ്ട്...

രണ്ട് ദിവസം പരാതിക്കാരിയായ പെൺകുട്ടിയുടെ വീടിന്റെ പടിക്കൽവരെ സംരക്ഷണമൊരുക്കി കാൽനടയായി എസ്.ഐ ഒപ്പമുണ്ടായിരുന്നു.
പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ്, രാമപുരം സി.ഐ കെ.എൻ. രാജേഷ് എന്നിവരുടെ നിർദ്ദേശപ്രകാരമാണ് എസ്.ഐ. ഒറ്റയ്ക്ക് മഫ്തിയിൽ കുട്ടികൾക്ക് അകമ്പടി പോയത്.


ഫോട്ടോ അടിക്കുറിപ്പ്:

രാമപുരം എസ്.ഐ., പി.എസ്. അരുൺകുമാർ വിദ്യാർത്ഥിനികൾക്ക് സംരക്ഷണവുമായി റോഡിലൂടെ നടന്നുപോകുന്നു.