
കോട്ടയം: കാനായി കുഞ്ഞിരാമന്റെ വിരൽ തുമ്പിൽ വിടർന്ന അക്ഷര ശിൽപ്പത്തിനൊപ്പം കോട്ടയം പബ്ലിക് ലൈബ്രറി വളപ്പിൽ ആർട്ടിസ്റ്റ് സുജാതനും മകനും ഒരുക്കുന്ന 25 ചുവർചിത്രങ്ങൾ കൂടി ഇതൾ വിരിയുന്നു.
കോട്ടയം ശാസ്ത്രി റോഡിൽ പബ്ലിക് ലൈബ്രറിയുടെ പ്രവേശന കവാടം മുതൽ കെ.പി.എസ് മേനോൻ ഹാളിന് മുൻവശം വരെ ഇരുവശത്തുമുള്ള മതിലിലാണ് പ്രശസ്ത രംഗപട ശിൽപ്പി ആർട്ടിസ്റ്റ് സുജാതനും ജിതിൻ ശ്യാം ഉൾപ്പെടെയുള്ള കലാകാരന്മാരും ചേർന്ന് കോട്ടയത്തിന്റെ നേർക്കാഴ്ച ഒരുക്കുന്നത്. തിരുനക്കര മഹാദേവ ക്ഷേത്രം, താഴത്തങ്ങാടി മുസ്ലീം പള്ളി, ചെറിയ പള്ളി തുടങ്ങിയ ആരാധനാലയങ്ങൾ , സി.എം.എസ് കോളേജ്, എസ്.പി.സി.എസ് , കോട്ടയം പബ്ലിക് ലൈബ്രറി , കുട്ടികളുടെ ലൈബ്രറി , കളക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങൾ, കൊട്ടാരങ്ങൾ, ചരിത്ര സ്മാരകങ്ങൾ, ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ, പ്രകൃതി ദൃശ്യങ്ങൾ, ജില്ലയുടെ തനതായ കലാരൂപങ്ങൾ തുടങ്ങിയവയാണ് ചുവർചിത്രങ്ങളാകുന്നത്. ഇരുവശത്തും വെള്ള പൂശി മിനുക്കിയ മതിലിൽ ചിത്രം വരക്കുന്ന ജോലികൾക്ക് ആർട്ടിസ്റ്റ് സുജാതൻ ഇന്നലെ തുടക്കമിട്ടു.
കെ.പി.എസ് മേനോൻ ഹാളിൽ സ്റ്റേജും ബാക്ക് ഡ്രോപ്പും പുസ്തകങ്ങൾ അടുക്കി വെച്ച ഷെൽഫ് മാതൃകയിൽ വർഷങ്ങൾക്ക് മുമ്പ് തയ്യാറാക്കിയത് സുജാതനായിരുന്നു. കാനായി കുഞ്ഞിരാമന്റെ ശിൽപ്പങ്ങളിൽ ഏറ്റവും വലുതാണ് ലൈബ്രറി വളപ്പിലെ അക്ഷര ശിൽപ്പം. കോട്ടയത്തെ ആദ്യത്തെ വിശാലമായ ഓപ്പൺ എയർ തിയേറ്റർ, ലൈബ്രറിയിലേക്കുള്ള പ്രവേശന കവാടം എന്നിവ കേരളീയ വാസ്തു ശിൽപ്പമാതൃകയിൽ കാനായിയാണ് ചെയ്യുന്നത്. സ്റ്റേജ് പൂർത്തിയായി.
കാനായിയുടെയും സുജാതന്റെയും കൈവിരൽ തുമ്പുകളിലൂടെ കോട്ടയത്തെ കലാ ആസ്വാദകർക്ക് എന്നെന്നും മനസിൽ സൂക്ഷിക്കാവുന്ന ചിത്ര ശിൽപ്പ മാതൃകകളാണ് ലൈബ്രറി വളപ്പിൽ ഉയരുന്നത്.
" ആദ്യമായാണ് മതിലിൽ ചിത്രം വരക്കുന്നത്. ഓരോ മതിലും വ്യത്യസ്ത അളവുകളാണെങ്കിലും ചിത്രങ്ങൾക്ക് യൂണി ഫോമിറ്റി ഉണ്ടാക്കണം . സാധാരണ ചുവർ ചിത്രക്കൂട്ടല്ല പെയിന്റാണ് ഉപയോഗിക്കുന്നത്. ചിത്രങ്ങൾ മങ്ങാതെയും പായൽ പിടിക്കാതെയും ദീർഘകാലം മിഴിവോടെ നിൽക്കുന്നതിനുള്ള സംവിധാനമൊരുക്കും. കോട്ടയത്തിന്റെ സാംസ്കാരിക ചരിത്രം 25 ചിത്രങ്ങളിലൂടെ പറയാനുള്ള ശ്രമമാണ്. രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
- ആർട്ടിസ്റ്റ് സുജാതൻ