വൈക്കം : സി.പി.ഐയുടെ സ്ഥാപക സെക്രട്ടറി പി.കൃഷ്ണപിള്ള ജനിച്ച വൈക്കത്തെ പറൂപ്പറമ്പ് പുരയിടത്തിൽ സി.പി.ഐയുടെ ബ്രാഞ്ച് സമ്മേളനത്തിന് പതാക ഉയരും. 27ന് നടക്കുന്ന കൃഷ്ണപിള്ളയുടെ വീട്ടുപേരായ പറൂപ്പറമ്പ് എന്ന പേരിൽ അറിയപ്പെടുന്ന ബ്രാഞ്ച് സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പറൂപ്പറമ്പ് പുരയിടം ഏതാനും നാളുകൾക്ക് മുൻപാണ് കമ്മ്യൂണിസ്റ്റ് പാർട്ടി വിലയ്ക്ക് വാങ്ങിയത്. കഴിഞ്ഞ ആഗസ്റ്റ് 19 ന് കൃഷ്ണപിള്ള ദിനത്തിൽ ടൗൺ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടത്തിയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഈ പുരയിടം സമ്മേളനത്തിന് വേദിയാകുന്നത്. ഇവിടെ കുട്ടികളുടെ ലൈബ്രറിയും മാർക്സിസ്റ്റ് ലെനിനിസ്റ്റ് പഠന ഗവേഷണ കേന്ദ്രം അടക്കമുള്ള സ്ഥാപനങ്ങൾ പാർട്ടി സംസ്ഥാന കൗൺസിലിന്റെ പരിഗണനയിലാണ്. സ്വാഗതസംഘ യോഗം മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. അസി. സെക്രട്ടറി കെ അജിത്ത്, സെക്രട്ടേറിയറ്റ് അംഗം എൻ.അനിൽ ബിശ്വാസ്, പി. പ്രദീപ്, ഡി.രഞ്ജിത് കുമാർ, കെ.വി.ജീവരാജൻ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികളായി അശോകൻ വെള്ളവേലി (പ്രസിഡന്റ്), കെ.ഡി സുമേഷ് (സെക്രട്ടറി), കെ.രമേശൻ എൽഐസി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.