
കോട്ടയം: 'ലോക റെക്കോഡ് നേടിയിട്ടും സർട്ടിഫിക്കറ്റ് വാങ്ങാൻ പണമില്ലാത്ത നിർദ്ധന കുടുംബത്തിലെ യുവാവിനെ സഹായിക്കണം'. നിരവധി 'പ്രകടനങ്ങൾ കാഴ്ചവച്ച്' ഒരു റെക്കോഡ് ബുക്കിൽ ഇടംപിടിച്ച കുമരകം സ്വദേശിയായ യുവാവിന് വേണ്ടി സുഹൃത്തുക്കൾ ഫേസ് ബുക്കിലിട്ട പോസ്റ്റാണിത് . ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ്, പണംനൽകിയാൽ ഇടമൊരുക്കുന്ന റെക്കോഡ് ബുക്കുകളുണ്ടെന്ന വെളിപ്പെടുത്തലിലേക്ക് എത്തിപ്പെട്ടത്. ഒരു പഞ്ചായത്തിൽ തന്നെ അഞ്ചും പത്തും റെക്കോഡ് നേടിയവരുണ്ടിപ്പോൾ.
നിശ്ചിത സമയംകൊണ്ട് പാട്ടു പാടുന്നത് മുതൽ ഉള്ളിപൊളിക്കുന്നതും പടംവരയ്ക്കുന്നതും പുഷ് അപ്പ് എടുക്കുന്നതും അടക്കം 'വ്യത്യസ്ത കഴിവുകൾ' പ്രകടിപ്പിക്കുന്നവർക്കാണ് റെക്കോഡ്. പണം നൽകുംതോറും ബുക്കുകളുടെ പേരുകൾ മാറുമെന്ന് മാത്രം. ചുളിവിൽ പ്രശസ്തി ആഗ്രഹിക്കുന്നവരെ ചൂഷണം ചെയ്യുകയാണ് സംഘം. ഗിന്നസ് റെക്കോഡിനും ലിംക ബുക്കിനുമൊക്കെ സമാനമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രവർത്തനം. കൊച്ചുകുട്ടികൾക്ക് റെക്കോഡ് വാങ്ങി നൽകാൻ രക്ഷിതാക്കളുടെ മത്സരമാണ്.
കൊവിഡ് കാലത്തെ റെക്കോഡ്
കൊവിഡ് കാലത്താണ് ഇത്തരം റെക്കോഡുകൾ സാർവത്രികമായത്. വിശ്വാസ യോഗ്യമായ മറ്റ് റെക്കോഡുകൾ വിദഗ്ദ്ധ ജൂറിയുടെ മുന്നിൽ നേരിട്ട് കാണിക്കണം. എന്നാൽ ഉഡായിപ്പ് റെക്കോഡുകളുടെ പ്രകടനം ഓൺലൈനിൽ മതി. ഓൺലൈൻ വഴി അപേക്ഷ നൽകുകയാണ് ആദ്യപടി. പ്രകടനത്തിന്റെ വീഡിയോ കണ്ട് 'ജൂറി' റെക്കോഡ് ബുക്കിലേയ്ക്ക് തിരഞ്ഞെടുക്കും. തുടർന്ന് ഫീസടച്ചാൽ സർട്ടിഫിക്കറ്റ്, മെഡൽ, പേന, ഐ.ഡി കാർഡ്, റെക്കോഡ് പുസ്തകം എന്നിവ അയച്ചു തരും.
ചുളുവിലാണ് പ്രശസ്തി
റെക്കോഡ് ബുക്കിൽ ഇടംപിടിക്കുന്നവരുടെ എണ്ണമറ്റ വാർത്തകൾ പതിവായി പത്രമാഫീസുകളിൽ എത്താൻ തുടങ്ങിയതോടെ നടത്തിയ അന്വേഷണമാണ് 'റെക്കോഡ് ബുക്ക് ഉണ്ടാക്കുന്ന' അന്യസംസ്ഥാന ലോബിയിലെത്തിച്ചത്. എങ്ങനെയും പ്രശസ്തി നേടണമെന്ന മലയാളിയുടെ മാനസികാവസ്ഥയെയാണ് ഇവർ ചൂഷണം ചെയ്യുന്നത്. റെക്കോഡ് ലഭിച്ച വാർത്ത സമൂഹ മാദ്ധ്യമങ്ങളിലും പത്രമാദ്ധ്യമങ്ങളിലും നിറയുന്നതോടെ നാട്ടിലെ താരമാകും. പിന്നെ ഫ്ളക്സ് ബോർഡുകളും സ്വീകരണങ്ങളുമൊക്കെയായി രാഷ്ട്രീയ പാർട്ടികളും രംഗത്തുവരും. റെക്കോഡ് കിട്ടിയയാളുടെ വീട്ടിലെ വോട്ടാണ് പാർട്ടികളുടെ ഉന്നം. പിന്നണിയിലെ ഉടായിപ്പ് മനസിലാകാതെ റെക്കോഡ് സമ്മാനിക്കാൻ മന്ത്രിമാർ വരെ നേരിട്ടെത്തിയ സംഭവങ്ങളുണ്ട്.
നൽകേണ്ടത് 8000 രൂപ മുതൽ
റെക്കോഡുകളുടെ വലിപ്പമനുസരിച്ചാണ് ഫീസ്. 8000 രൂപയിലാണ് തുടക്കം, 12500, 15000 ഇങ്ങനെ നീളും ഫീസ്.