വൈക്കം : വൈക്കം മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമി നാളെ ആഘോഷിക്കും. പുലർച്ചെ 4.30 നാണ് അഷ്ടമി ദർശനം. വൈക്കത്തപ്പനും പുത്രനായ ഉദയനാപുരത്തപ്പനും ഒരുമിച്ച് വൈക്കം ക്ഷേത്രത്തിന് 6 കി. മീറ്റർ ദൂരമുള്ള കള്ളാട്ടുശ്ശേരി വരെ എഴുന്നള്ളും. വാഴമന, കൂർക്കശ്ശേരി, കള്ളാട്ടുശ്ശേരി എന്നിവിടങ്ങളിൽ ഇറക്കി പൂജയും വിശേഷാൽ നിവേദ്യവും ഉണ്ടാവും. വൈക്കത്തപ്പന്റെ അധീനതയിലുള്ള ക്യഷി ഭൂമിയിലെ വിളപ്പെടുപ്പു കണ്ട് ഭക്തർക്ക് ദർശനം നല്കുന്നതിനും പാട്ടം പിരിക്കുന്നതിനുള്ള വരവാണിതെന്നാണ് വിശ്വാസം. ഇവിടെയുള്ള ഭക്തർ നിറദീപം തെളിയിച്ച് നിറപറ ഒരുക്കി വൈക്കത്തപ്പനേയും ഉദയനാപുരത്തപ്പനേയും വരവേൽക്കും. അഷ്ടമി ദർശനത്തിന് ശേഷം 8 ന് ശ്റീബലി. 9 ന് തന്ത്രിമാരായ ഭദ്റകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ഏകാദശ രുദ്റ ഘൃത കലശം എന്നിവ നടക്കും. വൈകിട്ട് ഉദയനാപുരത്തപ്പൻ എഴുന്നള്ളി വൈക്കം ക്ഷേത്രത്തിന്റെ കൊടിമര ചുവട്ടിൽ നില്ക്കുന്ന അവസരത്തിലാണ് വൈക്കത്തപ്പൻ പുറത്തേക്ക് എഴുന്നള്ളുന്നത്. തിരിച്ച് എഴുന്നള്ളിപ്പിന് ആറാട്ടുകുളങ്ങരയിൽ വരവേൽപ്പു നൽകുന്ന സമയും സ്വർണ്ണക്കുട ഉൾപ്പടെയുള്ള അലങ്കാരങ്ങൾൾ എഴുന്നള്ളിപ്പിന് അകമ്പടിയാകും. അഷ്ടമി വിളക്ക് സമയത്തെ കാണിക്ക സമർപ്പണ ചടങ്ങിന് ശേഷം എഴുന്നള്ളിപ്പ് ഒരു പ്രദക്ഷിണം പൂർത്തിയാക്കി കൊടിമരച്ചുവട്ടിൽ എത്തുന്നതോടെ യാത്രഅയപ്പ് ആരംഭിക്കും. പനച്ചിക്കൽനട, പടിഞ്ഞാറെനട, വടക്കേനട എന്നിവിടങ്ങളിൽ യാത്ര ചോദിച്ച് ഉദയനാപുരത്തപ്പൻ പിരിയും. ഈ സമയം ദു:ഖ കണ്ഡാരരാഗമാണ് നാദസ്വരത്തിൽ വായിക്കുക. കുംഭാഷ്ടമിയുടെ ഭാഗമായി വൈക്കം ക്ഷേത്രം കുലവാഴകളും കരിക്കിൻ കുലകളും കൊണ്ട് അലങ്കരിക്കും. ഇന്ന് വൈകിട്ട് 6.30ന് ചേർത്തല രാജാറാമന്റെ സംഗീത സദസ്, നാളെ രാവിലെ 8ന് പഞ്ചരത്‌ന കീർത്തന ആലാപനം, ഭജൻസ്, നാദസ്വര കച്ചേരി, ഡാൻസ്, ഭക്തിഗാനമേള.
വൈകിട്ട് 4 ന് ഉദയനാപുരത്ത് നിന്ന് എഴുന്നള്ളിപ്പ് 
വൈകിട്ട് 4ന് ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലേക്ക് പുറപ്പെടും. 5.30 ന് വൈക്കത്തപ്പന് എഴുന്നള്ളിപ്പ് ,6 ന് വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ഒന്നിച്ച് കിഴക്കോട്ടെഴുന്നള്ളിപ്പ് , 7 ന് എഴുന്നള്ളിപ്പ് വാഴ മനയിൽ ഇറക്കി എഴുന്നള്ളിപ്പ്, 7.30 എഴുന്നള്ളിപ്പ് കൂർക്കശ്ശേരിയിലേക്ക്, 8.15 ന് കൂർക്കശ്ശേരിയിൽ ഇറക്കി എഴുന്നള്ളിപ്പ്, 9 ന് എഴുന്നള്ളിപ്പ് കളളാട്ട്ശ്ശേരിയിലേക്ക്, 9.15 ന് കള്ളാട്ട്‌ശ്ശേരിയിൽ ഇറക്കി എഴുന്നള്ളിപ്പ്, 10 ന് വൈക്കം ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിപ്പ്, 11 ന് ആറാട്ട് കുളങ്ങരയിൽ വരവേൽപ്പ്, 11.20 ന് സൊസൈറ്റി ജംഗ്ഷനിൽ വരവേല്പ്, 11.40 ന് മുരിയൻ കുളങ്ങരയിൽ വരവേല്പ്, 12 ന് വൈക്കം ക്ഷേത്രത്തിൽ അഷ്ടമിവിളക്ക്. വലിയ കാണിക്ക 1 ന് ഉദയനാപുരത്തപ്പന്റെ യാത്രഅയപ്പ് വിട പറയൽ.