
മുണ്ടക്കയം: വീണ്ടും പുലിയുടെ കാൽപ്പാടുകൾ കണ്ടതോടെ മലയോരമേഖല ഭീതിയിലായി. പുലിയെ പിടികൂടാൻ ടി.ആർ.ആൻഡ് ടി എസ്റ്റേറ്റിലെ ഇ.ഡി.കെ ഡിവിഷനിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കുടുങ്ങിയില്ല. എസ്റ്റേറ്റിൽ ഇന്നലെ കടമാൻകുളം കൊടിക്കാട് ഭാഗത്തും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ കാൽപാടുകൾ കണ്ടിട്ട് പുലി തന്നെയെന്ന് അധികൃതരും ഉറപ്പിക്കുന്നു. കൊമ്പുകുത്തി മേഖലയിൽ പുലിയുടെ അലർച്ച കേട്ടതായും പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞദിവസം ഇ. ഡി. കെ ഡിവിഷനിൽ പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലി തന്നെയാകാം ഇതെന്നാണ് നിഗമനം. 2017 ൽ ഈ പ്രദേശത്തിന് സമീപം പുലിയെ കണ്ടിരുന്നു. അന്നുമുതൽ തുടങ്ങിയതാണ് ഈ പുലിപ്പേടി.
കോരുത്തോട് , പെരുവന്താനം പഞ്ചായത്തുകളുടെ വിവിധ മേഖലകളിൽ പുലിയെ കണ്ടതോടെ ഒന്നിലധികം പുലികളുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. തോട്ടം തൊഴിലാളികളും ലയങ്ങളിൽ താമസിക്കുന്നവരും ഏറെ ഭീതിയോടെയാണ് കഴിയുന്നത്. പ്രത്യേക സംഘത്തെ നിയോഗിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
'' പുലിയെ പിടികൂടാൻ കൂടുതൽ കൂടുകൾ സ്ഥാപിക്കണം. ടി.ആർ.ആൻഡ് ടി എസ്റ്റേറ്റിലെ വളർന്നുനിൽക്കുന്ന കാടുകൾ വെട്ടി നീക്കാനും അടിയന്തര നടപടിവേണം''
- സന്ധ്യാ വിനോദ്, കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ്
'' 5 ഡിവിഷനുകളിലും പുലിയുടെ സാന്നിദ്ധ്യമുണ്ട്. ഒന്നിലധികം പുലികൾ ഉണ്ടെന്നാണ് തോട്ടം തൊഴിലാളികൾ പറയുന്നത്. ജോലി ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലാണ് . കുട്ടികളും പ്രായമായവരും ഭീതിയോടെയാണ് കഴിയുന്നത്''
- സുനിൽ സുരേന്ദ്രൻ, പൊതുപ്രവർത്തകൻ