ചെറുവള്ളി: പുനലൂർ പൊൻകുന്നം ഹൈവേയിലെ കിഴക്കേക്കവലയിൽ നിന്ന് കിഴക്കയിൽ ശ്രീദുർഗാ ഭഗവതിക്ഷേത്രത്തിലേക്ക് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ നിർവഹിച്ചു. വാർഡംഗം സിന്ധുദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി, പ്രമോദ് വടക്കേമുറി, സോശേഖരൻ നായർ കൂനമ്പാൽ, ഹരീഷ്‌കുമാർ പാലേക്കുഴിയിൽ എന്നിവർ പ്രസംഗിച്ചു. കെ.എസ്.ടി.പി ഏറ്റെടുത്ത സ്ഥലത്ത് പൊളിച്ചുനീക്കാതിരുന്ന കെട്ടിടം പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്ന് പൊളിച്ചതോടെയാണ് ക്ഷേത്രം റോഡിന്റെ കവാടത്തിന് ആവശ്യത്തിന് വീതി ലഭിച്ചത്. ക്ഷേത്രകമ്മിറ്റി സെക്രട്ടറി സോശേഖരൻ നായർ, പ്രമോദ് വടക്കേമുറി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. ക്ഷേത്രകമ്മിറ്റി, ശ്രീദുർഗാ ഭജനസമിതി, പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെയാണ് റോഡ് നിർമ്മാണത്തിനാവശ്യമായ രണ്ടരലക്ഷം രൂപ സമാഹരിച്ചത്.