പാലാ: സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനി നിഥിനാമോൾ കൊല്ലപ്പെടുന്നതിന് പ്രധാന കാരണമായത് ഒരേയൊരു സെൽഫിയാണെന്ന് കേസിലെ മുഖ്യഅന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പാലാ ഡിവൈ.എസ്.പി ഷാജു ജോസ് പറഞ്ഞു.
പത്തുമുതൽ ഇരുപതുവയസുവരെ പ്രായമുള്ള പെൺകുട്ടികൾക്കായി നടത്തിയ 'നമ്മുടെ പൊന്നോമനകൾ' ബോധവത്ക്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനിയായിരുന്ന നിഥിനാമോളെ സഹപാഠിയും കാമുകനുമായിരുന്ന അഭിഷേക് ബൈജു നാലുമാസം മുമ്പാണ് കോളേജ് ക്യാമ്പസിൽ വച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയത്.
പ്ലസ്ടുവിന് പഠിക്കുമ്പോൾ നിഥിനാമോൾക്ക് ഒരു കാമുകനുണ്ടായിരുന്നു. പിന്നീട് പാലാ സെന്റ് തോമസ് കോളേജിലെത്തി അഭിഷേക് ബൈജുവിനെ കണ്ടപ്പോൾ ആദ്യ ബന്ധം മുറിഞ്ഞു. പിന്നീട് അഭിഷേകുമായി അടുപ്പമായി. അഭിഷേക് നിഥിനാമോൾക്ക് പുതിയൊരു ഫോൺ വാങ്ങിക്കൊടുക്കുകയും ഇരുവരുടെയും ജിമെയിൽ ഐ.ഡി. അതിൽ ചേർക്കുകയും ചെയ്തു. ഒരാളുടെ ഫോണിലേക്ക് വരുന്ന വിവരങ്ങളും കോളും ഫോട്ടോകളുമെല്ലാം മറ്റെയാളുടെ ഫോണിലും വന്നിരുന്നു.
പിന്നീട് അഭിഷേക് ബൈജുവും നിഥിനാമോളും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായി. ഈ സമയത്ത് പഴയ കാമുകനുമായി നിഥിനാമോൾ വീണ്ടും അടുക്കുകയും കട്ടിക്കയം വെള്ളച്ചാട്ടം കാണാൻ ഇരുവരും ഒരുമിച്ച് പോവുകയും ചെയ്തു. അവിടെ വച്ച് നിഥിനാമോളൊരു സെൽഫിയെടുത്തു. അതവളുടെ ഫോണിൽ സേവ് ആയ ഉടൻ ഈ ചിത്രം അഭിഷേക് ബൈജുവിന്റെ ഫോണിലുമെത്തി. ഇതു കണ്ടതോടെ അഭിഷേകിന് ദേഷ്യമായി. അവിടെ തുടങ്ങി അവർ തമ്മിലുള്ള പ്രശ്‌നങ്ങളെന്നും അത് കൊലപാകത്തിൽ കലാശിച്ചെന്നും ഡിവൈ.എസ്.പി വിശദീകരിച്ചു.